കൊച്ചി: കോതമംഗലം പുതുപ്പാടിയിലെ ഇളങ്ങടത്തുള്ള കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകൾ കെ എസ് ഇ ബി കൂട്ടമായി വെട്ടിമാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കെ എസ് ഇ ബി ചെയർമാൻ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷൻ നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെ എസ് ഇ ബി ജീവനക്കാർ വാഴത്തോട്ടം വെട്ടി നശിപ്പിച്ചത്. 406 വാഴകൾ കെ എസ് ഇ ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചുവെന്നാണ് കോതമംഗലത്തെ കർഷകനായ അനീഷ് പറഞ്ഞത്. വർഷങ്ങളായി കൃഷിയിറക്കുന്ന ഇടമാണെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെ വാഴകൾ വെട്ടിനിരത്തുകയായിരുന്നു.
ഇത്രയധികം വാഴകൾ നശിപ്പിക്കുന്നതിന് മുൻപ് തന്നെ സമീപിക്കാൻ കെ എസ് ഇ ബി തയ്യാറായില്ലെന്നും യുവകർഷകൻ പരാതിപ്പെട്ടിരുന്നു. ബന്ധപ്പെട്ടിരുന്നെങ്കിൽ വാഴ മൊത്തത്തിൽ വെട്ടിമാറ്റുന്നതിന് പകരമായുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാമായിരുന്നു എന്നും അനീഷ് വ്യക്തമാക്കി. ഓണവിപണി മുന്നിൽക്കണ്ട് വളർത്തിയ വാഴകളാണ് കെ എസ് ഇ ബിയുടെ നടപടി മൂലം നശിപ്പിക്കപ്പെട്ടത്. വെട്ടിമാറ്റിയവയിൽ ഭൂരിഭാഗവും കുലച്ച വാഴകളാണ്. അതിനാൽ തന്നെ നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നും അനീഷ് പറഞ്ഞു.