Friday, November 22, 2024
spot_imgspot_img
HomeKeralaനരബലി: സ്ത്രീകളെ എത്തിച്ചത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജേന; ആഭിചാര കൊലയ്ക്ക് പിന്നിലെ വെളിപ്പെടുത്തലുകൾ പുറത്ത്

നരബലി: സ്ത്രീകളെ എത്തിച്ചത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജേന; ആഭിചാര കൊലയ്ക്ക് പിന്നിലെ വെളിപ്പെടുത്തലുകൾ പുറത്ത്

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകിയ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയേയും തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്. പ്രതികൾ ഇത് സംബന്ധിച്ച് മൊഴി നൽകിയതായി കൊച്ചി പൊലീസ് പറഞ്ഞു. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് ഇവരെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്ന് രാവിലെയാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.

പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് തൃശൂർ സ്വദേശിനിയായ മറ്റൊരു യുവതിയായ റോസ്ലിനെയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് തൃശൂർ സ്വദേശിനിയായ റോസ്ലിയെ കാലടിയിൽ നിന്ന് കാണാതാകുന്നത്.

ഇലന്തൂരിലെ നരബലിക്കു പിന്നിലെ സൂത്രധാരന്‍ ഷാഫി എന്ന റഷീദ് ആണെന്ന് പ്രാഥമിക നിഗമനം. ശ്രീദേവി എന്ന പേരില്‍ ഷാഫി ഫെയ്‌സ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവല്‍ സിങ്ങുമായും ലൈലയുമായും ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവല്‍ സിങ്ങുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവല്‍ സിങ്ങിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചു. താന്‍ ഇതിന്റെ ഗുണം അനുഭവിക്കുന്നയാളാണെന്നും ശ്രീദേവിയായി ചമഞ്ഞ ചമഞ്ഞ ഷാഫി ഇവരെ വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പര്‍ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈല്‍ നമ്പര്‍ ഷാഫി കൈമാറി. ഭഗവല്‍ സിങ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. ഭഗവല്‍ സിങ്ങിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിന് ഐശ്വര്യം ഉണ്ടാകാന്‍ എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു. നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവല്‍ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ ഭഗവല്‍ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നല്‍കിയതോടെ നരബലിയിലേക്ക് കടക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവല്‍ സിങ് അറിഞ്ഞിരുന്നില്ല.

കാലടിയില്‍നിന്ന് റോസ്‌ലിനെ കൊണ്ടുപോയത് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നില്‍നില്‍ക്കുന്നയാളായിരുന്നു റോസ്‌ലിന്‍. ഇവര്‍ക്ക് പത്തുലക്ഷം രൂപയും വാഗ്ദാനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച റോസ്‌ലിനെ കട്ടിലില്‍ കെട്ടിയിട്ടു. ശേഷം ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയെ കൊണ്ട് നരബലി ചെയ്യിക്കുകയും ചെയ്തു. ലൈലയെ കൊണ്ട് റോസ്‌ലിന്റെ കഴുത്ത് അറുത്ത ശേഷം ജനനേന്ദ്രിയത്തില്‍ കത്തി കയറ്റിയിറക്കി രക്തം പുറത്തേക്ക് ഒഴുക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ച ശേഷം വീട് ശുദ്ധീകരിക്കാന്‍ പലഭാഗങ്ങളിലും തളിക്കാനും ആവശ്യപ്പെട്ടു. ഏകദേശം രണ്ടരലക്ഷം രൂപ പ്രതിഫലമായി സ്വീകരിച്ച ശേഷമാണ് ഷാഫി മടങ്ങിയത്.

റോസ്‌ലിനെ നരബലി നല്‍കി ഒരുമാസത്തിനു ശേഷം പ്രതീക്ഷിച്ച ഗുണമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍ സിങ് റഷീദ് എന്ന സിദ്ധനെ അറിയിച്ചു. ഇതിന് കാരണം കുടുംബത്തിലെ ഒരു ശാപമായിരുന്നു എന്നായിരുന്നു ഷാഫി നല്‍കിയ മറുപടി. ആദ്യത്തെ നരബലിയോടെ ഈ ദോഷം മാറിയെന്നും മറ്റൊരു നരബലി കൂടി നല്‍കിയാല്‍ ഐശ്വര്യവും സമ്പത്തും വരുമെന്ന് ഇവരെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു. ഇതോടെയാണ് കടവന്ത്രയില്‍നിന്ന് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോയത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു പത്മയ്ക്കും നല്‍കിയ വാഗ്ദാനം. രാത്രി ഇലന്തൂരിലെത്തിച്ച പത്മയെയും നരബലി നല്‍കി. ലൈലയെ കൊണ്ട് പത്മയുടെ കഴുത്തറുത്തു. ജനനേന്ദ്രിയത്തില്‍ കത്തികയറ്റിയിറക്കുകയുമായിരുന്നു. ഈ സമയത്തും ഭഗവല്‍ സിങ്ങ് അവിടെയുണ്ടായിരുന്നു. ഇപ്രകാരമാണ് ഷാഫി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൂര്‍ണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും ഇതിന് സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭഗവല്‍ സിങ്ങിനെയും ലൈലയെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊച്ചിയിലെത്തിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares