തിരുവനന്തപുരം: നരബലി പരിഷ്കൃത സമൂഹത്തിനു അപമാനമെന്ന് എഐഎസ്എഫ്. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
നരബലിയുമായി ബന്ധപ്പെട്ട് നേരത്തെ എഐവൈഎഫ് പ്രസ്താവന ഇറക്കിയിരുന്നു. കേരളത്തിൽ രണ്ട് സ്ത്രീകൾ നരബലിക്ക് ഇരകളായി എന്ന വാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു പുരോഗമന സമൂഹത്തിൽ ഇപ്പോഴും ഇത്തരത്തിലുള്ള പ്രാകൃത പ്രവർത്തികൾ നിലനിൽക്കുന്നു എന്നത് അങ്ങേയറ്റം ഭയപ്പെടുത്തുന്നതും അപമാനകരവുമാണെന്നും എഐവൈഎഫ് വ്യക്തമാക്കി.
തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.