കോഴിക്കോട്: ഖത്തർ ലോകകപ്പിനു മുന്നോടിയായി ആവേശ പൂരം തീർത്ത് കോഴിക്കോട് അണിനിരന്നത് നൂറു മെസ്സിമാർ. ലോകകപ്പിനിറങ്ങുന്ന അർജന്റീനയോടും ഫുട്ബോളിന്റെ മിശിഹാ എന്നറിയപ്പെടുന്ന മെസിയോടുമുള്ള കോഴിക്കോട് കോട്ടൂളിയിലെ ആരാധകരുടെ ആരാധനയാണ് ഇതിനു പിന്നിൽ. ലോകകപ്പിന്റെ വരവറിയിച്ച് നടത്തിയ വിളംബര ജാഥയിലാണ് കുട്ടിക്കുപ്പായമണിഞ്ഞ മെസ്സിമാർ തൊട്ട് പ്രായമായ മെസ്സിമാർ വരെ അണിനിരന്നത്. കോട്ടൂളിയിലെ അര്‍ജിന്റീന ഫാന്‍സാണ് ഫുട്‌ബോള്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചത്.
ഖത്തർ ലോകകപ്പിനു ഇനി വെറും ഒമ്പത് ദിവസം മാത്രം ബാക്കിനിൽക്കെ ബ്രസീലും പോർച്ചുഗലും ഉൾപ്പെടെയുള്ള മറ്റ് ടീമുകളുടെ ആരാധകർ ഇവിടെ ഇതിനെ വെല്ലുന്ന എന്ത് പ്രകടനമാവും കാഴ്ചവയ്ക്കുകയെന്നതു തന്നെയാവും കേരളം ഉറ്റുനോക്കുക. കട്ട് ഔട്ടിൽ ആരാധകരുടെ വീറും വാശിയും കേരളം അത്യന്തം ആവേശത്തോടെയും കൗതുകത്തോടെയുമാണ് സ്വീകരിച്ചത്. ഇവിടെ ആ ആവേശം ഒട്ടും ചോരാതെ പ്രതിധ്വനിക്കുമെന്നകാര്യത്തിൽ ഒരു സംശയവും വേണ്ട.