വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ദേഹപരിശോധന നടത്തുകയും ബുർഖ അഴിപ്പിക്കുകയും ചെയ്ത ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസെടുത്ത് പോലീസ്. ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥിയായ മാധവി ലതയാണ് വോട്ട് ചെയ്യാനെത്തിയ സ്ത്രീകളുടെ ദേഹ പരിശോധന നടത്തുകയും ഐഡി കാർഡ് വാങ്ങി പരിശോധിക്കുകയും ചെയ്തത്.
ഇതിൽ ചട്ടലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ പോളിങ് ഉദ്യോഗസ്ഥരെ മാധവി ലത ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐ എം തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.
പോളിങ് ബൂത്തിലെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ മുഖത്ത് നിന്ന് മാറ്റാനും തിരച്ചറിയൽ രേഖ കാണിക്കാനും പറയുന്ന മാധവി ലതയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അസംപുരിലെ പോളിങ് ബൂത്തിലെത്തിയ മാധവി ലത അവിടെ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി പരിശോധിക്കാൻ തുടങ്ങുകയായിരുന്നു. തിരിച്ചറിയൽ കാർഡുകൾ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്നും ലത പോളിങ് ഉദ്യോഗസ്ഥരോട് പറയുന്നുണ്ടായിരുന്നു. വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകളുണ്ടെന്നും നിരവധി വോട്ടർമാരുടെ പേരുകൾ കാണാതായെന്നും പിന്നീട് മാധവി ലത ആരോപിച്ചു.
സംഭവത്തിൽ മലക്‌പേട്ട് പോലീസാണ് കേസെടുത്തിരിക്കുന്നത്. സെക്ഷൻ 171 സി, 186, 505 (1) (സി) എന്നീവകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനുള്ള ശ്രമം, പൊതുപ്രവർത്തകരെ തടസപെടുത്തൽ, ഒരു വിഭാഗത്തിനെതിരായ ആക്രമണത്തിന് പ്രേരണയുണ്ടാക്കുന്ന ഉദ്ദേശം എന്നിവ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമെ ജനപ്രാതിനിധ്യ നിയമത്തിന്റെ 132 -ാം വകുപ്പ് പ്രകാരം പോളിങ് സ്റ്റേഷനിലെ മോശം പെരുമാറ്റത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.