നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന് സുപ്രീംകോടതി. നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാൽ പുനഃപരീക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ചോർച്ചയുടെ വ്യാപ്തി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പുനഃപരീക്ഷയിലേക്ക് നീങ്ങണം. ചോദ്യപേപ്പർ ചോർന്നു എന്നതിൽ സംശയമില്ല. അതിന്റെ ആഴങ്ങളാണ് അറിയേണ്ടത്. ക്രമക്കേടിന്റെ ഗുണം പറ്റിയവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളും ഉത്തരങ്ങളും ടെലഗ്രാമിൽ വന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ചോർന്നതെങ്കിൽ വ്യാപകമായി പ്രചരിക്കാൻ സാധ്യതയില്ലേന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇലക്ട്രോണിക് ഡിവൈസിലൂടെയോ, സമൂഹ മാധ്യമങ്ങളിലൂടെയോ ആണ് ചോർന്നതെങ്കിൽ അത് കാട്ടുതീ പോലെ പടരില്ലേ?. ക്രമക്കേടിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയില്ലെങ്കിൽ പുനഃപരിക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പരീക്ഷ റദ്ദാക്കിയാൽ 24 ലക്ഷം വിദ്യാർത്ഥികളെ അതു ബാധിക്കും. അത് അങ്ങേയറ്റത്തെ തീരുമാനമാകുമെന്ന് കോടതി പറഞ്ഞു. ഒരു പരീക്ഷയിൽ ഒന്നോ രണ്ടോ പേർ മുഴുവൻ മാർക്ക് മേടിച്ചേക്കാം. എന്നാൽ 67 പേർക്ക് മുഴുവൻ മാർക്ക് ലഭിക്കുകയെന്നത് ചരിത്രത്തിൽ ആദ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പട്നയിൽ മാത്രമാണ് ചോദ്യപേപ്പർ ചോർന്നതെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അതിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്തുവെന്നും കേന്ദ്രം വ്യക്തമാക്കി. നീറ്റ് പരീക്ഷ റദ്ദാക്കരുതെന്ന് ഗുജറാത്തിലെ വിദ്യാർത്ഥികൾ കോടതിയിൽ ആവശ്യപ്പെട്ടു.
നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയതു മുതൽ വിതരണം ചെയ്തതു വരെയുള്ള വിശദാംശങ്ങൾ കോടതി തേടി. നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പുനഃപരീക്ഷ ആവശ്യപ്പെടുന്ന എല്ലാ വിദ്യാർത്ഥികളും ചേർന്ന് ഒറ്റ അപേക്ഷ നൽകാനും കോടതി നിർദേശിച്ചു. എന്തുകൊണ്ട് പുനഃപരീക്ഷ നടത്തണമെന്നതിൽ വിശദീകരണം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം ഹർജി നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. നീറ്റുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.