തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദുരിതങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പുറത്തിറക്കിയ പ്രസ്താവനയിലാണ് റെയിൽവെയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവെയെ തകർക്കുന്ന സമീപനമാണ് നിലവിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. 2014ൽ അധികാരത്തിൽ വന്നതിനുശേഷം റെയിൽവെയെ സ്വകാര്യവൽക്കരിക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു മോദി സർക്കാർ. 2015ൽ പ്രത്യേക റെയിൽവേ ബജറ്റ് തന്നെ വേണ്ടെന്നുവച്ചു. 2017ൽ 400 റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദ്ദേശവും കേന്ദ്രം മുന്നോട്ടുവച്ചു.
ടിക്കറ്റ് റിസർവേഷനും ടൂറിസത്തിനും മറ്റുമായി രൂപീകരിച്ച കമ്പനിയിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചു കൊണ്ടും ഉത്തരവിറക്കി. അതോടൊപ്പം റെയിൽവേ ആശുപത്രികൾ, സ്കൂളുകൾ എന്നിവ സ്വകാര്യവൽക്കരിക്കുകയും ചെയ്തു. 16 റെയിൽവേ ഫാക്ടറികൾ സ്വതന്ത്ര യൂണിറ്റുകളാക്കി. 2025 ആകുമ്പോൾ 500 പാസഞ്ചർ ട്രെയിനുകളും 30 ശതമാനം ചരക്കു ട്രെയിനുകളും സ്വകാര്യ മേഖലയ്ക്കു കൈമാറും എന്ന് സർക്കാർ നേരത്തെതന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നുവെന്നും എഐവൈഎഫ് വ്യക്തമാക്കി.
കോർപ്പറേറ്റുകൾക്ക് കൊള്ളലാഭം ഉറപ്പുവരുത്താൻ ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ അധ്വാനവും രാഷ്ട്രത്തിന്റെ സമ്പത്തും ചേർന്ന് പടുത്തുയർത്തിയ പൊതുഗതാഗത സംവിധാനത്തെ വിസ്‌മൃതിയിലേക്ക് തള്ളി വിടുകയാണ് കേന്ദ്രം. കേരളത്തിൽ യാത്രക്കാരുടെ വർദ്ധനവിനനുസരിച്ച് കൂടുതൽ ട്രെയിനുകളും കോച്ചുകളും അനുവദിക്കുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ളവ വെട്ടിക്കുറക്കുന്ന സമീപനവും സ്വീകരിക്കുന്നു. കോവിഡിന് മുൻപ് പാസഞ്ചർ ട്രെയിനുകളായിരുന്ന പല ട്രെയിനുകളിലും ഇപ്പോഴും എക്സ്പ്രസ്സ് ടിക്കറ്റ് നിരക്കാണ് ഇടാക്കിക്കൊണ്ടിരിക്കുന്നത്.
ഇത് കൂടാതെയാണ് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചും ജനറൽ കമ്പാർട്ട്മെൻ്റുകൾ ഇല്ലാതാക്കിയും കടുത്ത ദുരിതം യാത്രക്കാർക്ക് സമ്മാനിക്കുന്നത്. കേരളത്തോടുള്ള സ്ഥിരം അവഗണന ഇവിടെയും ആവർത്തിക്കുകയാണെന്നും ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.