പട്ന: സാമൂഹമാധ്യമങ്ങളിൽ ആശ്ചര്യം തീർത്ത് ഒരു കുരങ്ങ്. മുഖത്തേറ്റ പരിക്കിനേതുടർന്ന് ചികിത്സതേടി ആശുപത്രിയിലെത്തിയ കുരങ്ങന്റെ വാർത്തയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറൽ ആവുന്നത്. ഇതു സംബന്ധിക്കുന്ന വീഡിയോ ദേശീയ മാധ്യമമായ എൻഡിടിവിയാണ് പുറത്തു വിട്ടിരിക്കുന്നത്.
ബീഹാറിലെ റോഹ്തസ് ജില്ലയിലുള്ള സസരം പ്രദേശത്തെ നിന്നുമുള്ള ദൃശ്യങ്ങളാണ് എൻഡിടിവി പുറത്തുവിട്ടിരിക്കുന്നത്. സസരം പ്രദേശത്തുള്ള ഡോ. എസ് എം അഹമ്മദിന്റെ ക്ലിനിക്കിലാണ് കുരങ്ങ് കൈക്കുഞ്ഞുമായി ചികിത്സ തേടിയെത്തിയത്. രോഗികളെ കിടത്തുന്ന കിടക്കയിൽ കാത്തിരുന്ന കുരങ്ങ് മറ്റുള്ളവർക്ക് മുന്നിൽ കൗതുകമായി. ഡോ. അഹമ്മദ് എത്തി പരിശോധിച്ചപ്പോഴും മുറിവിൽ മരുന്നിട്ടപ്പോഴും ക്ഷമയോടെയും പ്രകോപനം കൂടാതെയും ആ കുരങ്ങ് നിന്നു കോടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അമ്മക്കുരങ്ങും കുഞ്ഞും ചികിത്സ തേടിയെത്തിയത്. ഇത് അറിഞ്ഞും കേട്ടും നിരവധിപോരാണ് കുരങ്ങനെ കാണാൻ ക്ലിനിക്കിനു മുന്നിലെത്തിയിരുന്നു.