ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ അനുമതി നൽകിയതിനെ തുടർന്നാണിത്. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്. കൂറുമാറ്റങ്ങൾ ഉൾപ്പെടെ പാർട്ടിയെ ബാധിച്ച ആഭ്യന്തര ഭിന്നതകളെ തുടർന്ന് ഹിമാചൽപ്രദേശിൽ കോൺഗ്രസ് അപ്പാടെ തകർന്നിരിക്കുകയായിരുന്നു.
ഹിമാചലിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന എഐസിസിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. കെ സി വേണുഗോപാലിന്റെ പേരിലാണ് കത്ത്. പിസിസിയുടെ മുഴുവൻ സംസ്ഥാനഘടകവും ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡൻ്റുമാരേയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിർദ്ദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകിയെന്നാണ് കത്തിൽ പറയുന്നത്.