തിരുവനന്തപുരം: സി എസ് ആർ ഫണ്ടിൻ്റെ മറവിൽ പാതി വിലയ്ക്ക് സ്കൂട്ടറും മറ്റും വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോൺഗ്രസ്സ് – ലീഗ് -ബിജെപി നേതാക്കൾക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്ന് എഐവൈഎഫ്.
തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്ത കുടയത്തൂർ സ്വദേശി അനന്തുകൃഷ്‌ണന് ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണനുമായും കോൺഗ്രസ് നേതാവ് ലാലി വിൻസന്റുമായുമുള്ള ബന്ധം മറനീക്കി പുറത്തു വന്നിട്ടുണ്ടെന്ന് എഐവൈഎഫ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.
കോട്ടയം പാലായിലും സമാനമായ തട്ടിപ്പുകൾ നടത്തിയ അനന്തുകൃഷ്‌ണൻ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാർഥിയുടെ സഹായിയായി മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് ആളുകളുമായി പരിചയം സ്ഥാപിച്ച ശേഷം നിരവധി ആളുകളിൽ നിന്നുമായി കോടികൾ തട്ടിയതായും വിവരമുണ്ട്.
ഈരാറ്റുപേട്ടയിൽ ഇയാൾ വിളിച്ചു ചേർത്ത യോഗത്തിൽ നിരവധി ബിജെപി, കോൺഗ്രസ് ഇയാൾക്കൊപ്പം പങ്കെടുത്തിരുന്നതായും തട്ടിപ്പിന് ഇരയായവർ പറയുന്നുണ്ടെന്നും എഐവൈഎഫ് ആരോപിച്ചു.
തട്ടിപ്പിന് ആവശ്യമായ രേഖകൾ തയ്യാറാക്കി നൽകിയ അനന്തു കൃഷ്ണന്റെ അഭിഭാഷക ലാലി വിൻസന്റ് ഈയിനത്തിൽ 40 ലക്ഷത്തോളം രൂപ ഇദ്ദേഹത്തിൽ നിന്ന് കൈപ്പറ്റിയതായി സമ്മതിച്ചിട്ടുണ്ട്.
അതിനിടെ സി എസ് ആർ ഫണ്ട് തട്ടിപ്പിൽ നജീബ് കാന്തപുരം എം എൽ എ ക്കെതിരെയും പോലിസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.കോൺഗ്രസ് – ലീഗ് – ബിജെപി ഉൾപ്പെട്ട തട്ടിപ്പ് കേസിനെ സംബന്ധിച്ച് പാർട്ടി നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കണമെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.