വംശീയ കലാപം ആളിപ്പടരുന്ന മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി റിപ്പോർട്ട്. മേയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായി.
ബി ഫൈനോം ഗ്രാമം കത്തിനശിച്ചതിന് പിന്നാലെ മെയ് നാലിന് സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്‌പോക്പി ജില്ലയിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സ്ത്രീകളെ കൊണ്ടുപോകുന്നതിന് മുൻപ് രണ്ട് പുരുഷന്മാരെ അക്രമികൾ കൊലപ്പെടുത്തിയതായി തദ്ദേശീയ ഗോത്ര നേതാക്കളുടെ ഫോറം ആരോപിച്ചു. വീഡിയോ ദൃശ്യങ്ങൾ സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപക പ്രതിഷേധങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.
നഗ്നരായി നടക്കുന്ന സ്ത്രീകൾ പുരുഷന്മാരോട് കരഞ്ഞ് യാചിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ പുരുഷന്മാർ സ്ത്രീകളെ നിരന്തരം ഉപദ്രവിക്കുകയാണ്. “ഒരു വലിയ മെയ്തി ആൾക്കൂട്ടം രണ്ട് കുക്കി-സോ ആദിവാസി സ്ത്രീകളെ നഗ്നരായി നെൽവയലിലേക്ക് കൂട്ടബലാത്സംഗം ചെയ്യുന്നതിനായി നടത്തിക്കുന്നതാണ് ഇന്ന് വൈറൽ ആയ വിഡിയോയിൽ കാണുന്നത്. മെയ് 4 ന് കാങ്‌പോക്പി ജില്ലയിൽ നടന്ന ദൃശ്യങ്ങളിൽ ബന്ദികളാക്കിയവരോട് കരയുകയും യാചിക്കുകയും ചെയ്യുന്ന നിരാലംബരായ സ്ത്രീകളെ നിന്ദ്യരായ ഈ പുരുഷന്മാർ നിരന്തരം പീഡിപ്പിക്കുന്നത് കാണാം,”- ഐടിഎൽഎഫ് പ്രസ്താവനയിൽ പറയുന്നു. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കുറ്റവാളികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലൂടെ നിരപരാധികളായ സ്ത്രീകൾ അനുഭവിച്ച ഭയാനതകൾ വർധിക്കുന്നു എന്നും ഐടിഎൽഎഫ് ചൂണ്ടിക്കാട്ടി.
മെയ്തി യൂത്ത് ഓർഗനൈസേഷൻ, മീതേയ് ലീപുൺ, കംഗ്ലെയ്പാക് കൻബ ലുപ്പ്, അറംബൈ ടെങ്കോൾ, വേൾഡ് മെയ്തേയ് കൗൺസിൽ, പട്ടികവർഗ്ഗ ഡിമാൻഡ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളാണ് അക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു. ബി ഫൈനോം ഗ്രാമത്തിൽ വീടുകൾ കത്തിനശിച്ചതിന് ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു അഞ്ചാംഗ സംഘത്തെയാണ് അക്രമികൾ ആക്രമിച്ചത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. പുരുഷന്മാരിൽ ഒരാളെ ജനക്കൂട്ടം ആദ്യം തന്നെ കൊലപ്പെടുത്തി. തുടർന്ന് എല്ലാ സ്ത്രീകളെയും വസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. സംഘത്തിലെ 20 വയസ്സുള്ള സ്ത്രീയാണ് കൂട്ടബലാത്സംഗത്തിനിരയായത്. മറ്റ് രണ്ട് സ്ത്രീകൾ രക്ഷപ്പെട്ടു. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ സഹോദരൻ ആക്രമണം തടയാൻ ശ്രമിക്കവേ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.