ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തെ തുടർന്ന് ഗുണ്ട സംഘത്തിന്റെ പ്രതികാര നടപടിക്കിരയായി ജീവൻ നഷ്‌ടപ്പെട്ട സഖാവ് ഇ എച്ച് അൻസിലിന്റെ ഓർമ്മകൾക്ക് ഇന്ന് പത്ത് വയസ്സ്. 2014 നവംബർ 18 നാണ് തൃശൂർ മണലൂർ മണ്ഡലത്തിലെ ചെട്ടിക്കാട് എഐവൈഎഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അൻസിലിന് തൃപ്രയാർ എകാദശി കഴിഞ്ഞു മടങ്ങി വരുന്ന വഴിയിൽ നാട്ടികയിൽ വെച്ച് ലഹരി മാഫിയ സംഘത്തിന്റെ ക്രൂര മർദ്ദനമേൽക്കുന്നത്.തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരിക്കെയാണ് നവംബർ 20 ന് ആശുപത്രിക്കിടക്കയിൽ വെച്ച് സഖാവ് മരണമടയുന്നത്.
തന്റെ യുവത്വത്തിന്റെ ഊർജ്ജവും കരുത്തും സേവന പാതയിൽ സമൂഹ നിർമ്മിതിക്ക് വേണ്ടി ക്രിയാത്മകമായി വിനിയോഗിക്കുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ടിരുന്ന സഖാവ് പ്രദേശത്തെ ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. അത് കൊണ്ട് തന്നെ തന്റെ ക്ഷുഭിത യൗവനത്തെ സാമൂഹ്യ പ്രതിബദ്ധതയിലൂന്നി നിർവചിച്ച സഖാവ് സാമൂഹ്യ വിരുദ്ധരുടെ കണ്ണിലെ കരടായി മാറി.
മദ്യവും മയക്കു മരുന്നുമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിത വ്യവഹാരങ്ങളിലും ബോധമണ്ഡലങ്ങളിലും സമഗ്രാധിപത്യം സ്ഥാപിച്ച് പൊതു ജനാരോഗ്യത്തിനും സാമൂഹ്യപുരോഗതിക്കും കടുത്ത വിഘാതം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം ആശങ്കയുളവാക്കുന്നതാണ്. മലയാളിയുടെ മദ്യപാനമടക്കമുള്ള ലഹരി ഉപയോഗങ്ങൾ ഇന്‍ഡ്യന്‍ ശരാശരിയുടെ നാലിരട്ടിയാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നത് പ്രബുദ്ധ കേരളത്തിന്റെ ജീവിതബന്ധത്തെ പിടിച്ചുലയ്ക്കുന്ന ജീര്‍ണസംസ്കാരമായി അവയെല്ലാം അധീശത്വം നേടിയിരിക്കുന്നുവെന്നാണ്.
അല്പ കാലം മുൻപ് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ലഹരി കേസുകളിൽ ഓരോ വർഷവും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന പ്രതികളിൽ ഏറിയ പങ്കും മദ്യവും മയക്കുമരുന്നും നിരന്തരം ഉപയോഗിക്കുന്നവരാണെത് യുവജനങ്ങളിൽ ലഹരിക്കെതിരായ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെയാണ് കാണിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ സംസ്ഥാനത്ത് ലഹരിയുടെ വാഹകരും വിതരണക്കാരുമായി മാറുകയും തൽഫലമായി മസ്തിഷ്‌കഘടനയെയും സാമൂഹ്യ പ്രക്രിയകളെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിധത്തിൽ ലഹരി അവരെ വരിഞ്ഞു മുറുക്കുകയും ചെയ്യുന്നത് അത്യന്തം ആശങ്കയുളവാക്കുന്നു.
2025 ആകുമ്പോഴേക്ക് രാജ്യത്ത് ആളുകള്‍ മരിക്കുന്നതിനു പ്രധാനകാരണം എംഡിഎംഎ പദാര്‍ത്ഥങ്ങള്‍ ആകാം എന്ന് ഒരു പഠനം ഈയിടെ സൂചിപ്പിക്കുകയുണ്ടായി. കേരളീയ യുവത്വത്തെ പിടിച്ചുലക്കുന്ന വൻ വിപത്തിന്നെതിരെ പൊതു അവബോധം സൃഷ്ടിക്കേണ്ടതിന്റേയും മുഴു ജനങ്ങളെയും ലഹരിക്കെതിരായ പോരാട്ടത്തിൽ അണിനിരത്തേണ്ടതിന്റേയും ഉത്തര വാദിത്വം എഐവൈഎഫ് അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. അത്തരത്തിൽ ലഹരിക്കും ലഹരി മാഫിയാ സംഘങ്ങൾക്കുമെതിരായ ചെറുത്തുനില്പുകൾക്കും സമരങ്ങൾക്കും ധീര സഖാവ് അൻസിലിന്റെ ഓർമ്മകൾ നമുക്ക് കരുത്ത് പകരും.