കുന്നിക്കോട് : വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന എഐഎസ്എഫ് നിറവ് 2022 ക്യാമ്പയിന്റെ കുന്നിക്കോട് മണ്ഡലതല ഉദ്ഘാടനം പഠനോപകരണങ്ങൾ നൽകി സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് നിർവഹിച്ചു. പഠന സൗകര്യങ്ങളില്ലാതെ കേരളത്തിൽ ഒരു വിദ്യാർത്ഥിപോലും ബുദ്ധിമുട്ട് അനുഭവിക്കാൻ ഇടയാകരുതെന്നും അതിനായി യൂണിറ്റ് തലങ്ങളിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എഐഎസ്എഫ് നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ടെന്നും രാഹുൽ രാജ് അഭിപ്രായപ്പെട്ടു.
ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഒപ്പം പ്രായോഗിക വിദ്യാഭ്യാസവും വിദ്യാർഥികൾക്ക് ആവശ്യമാണ്. പല ഘട്ടങ്ങളിലും ദാരുണമായ സംഭവങ്ങൾ കേൾക്കാൻ ഇടയാക്കുന്നത് പ്രായോഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണ്. പ്രൈമറി തലം മുതൽ സാമൂഹ്യ ഇടപെടലുകൾക്ക് പ്രാപ്തമാക്കുന്ന നിലയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ പാഠ്യപദ്ധതിക്ക് ആകണം. പ്രതിസന്ധികളെ നേരിടുവാനും കുറ്റകൃത്യങ്ങളിൽ പെടാതിരിക്കാനും കുട്ടികൾക്ക് ശാസ്ത്രീയ അവബോധവും പ്രായോഗിക വിദ്യാഭ്യാസവും അനിവാര്യമാണെന്നും ഇവ കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐഎസ്എഫ് ജില്ലാ ജോ. സെക്രട്ടറി സ: ജോബിൻ ജേക്കബ് എൽഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. മണ്ഡലം സെക്രട്ടറി എസ് സുജിത്ത് കുമാർ സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഡി മോഹൻകുമാർ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം എസ് ഗിരീഷ്, ചന്ദ്രകുമാർ, അഭി ശശിധരൻ, അനു,അഭിജിത്ത് എന്നിവർ സംസാരിച്ചു. ഇർഷാദ് എസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം അക്ഷയ് നന്ദി പറഞ്ഞു.