കോട്ടയം: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ ഡ്യൂട്ടിയിലിരിക്കെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കൃത്യമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രാഥമിക അന്വേഷണത്തിലെ കൃത്യവിലോപത്തിനും ക്രമക്കേടുകൾക്കും കൊൽക്കത്ത പൊലീസിനെതിരെ അന്വേഷണം ആരംഭിക്കണം. ആശുപത്രി തകർക്കാൻ ശ്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം. തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളെ ശിക്ഷിക്കണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയലും നിരോധനവും പരിഹാരവും) നിയമം നടപ്പിലാക്കാൻ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രി നടപടിയെടുക്കണം. ശുചി മുറികൾ, കിടക്കകൾ തുടങ്ങിയസൗകര്യങ്ങളുള്ള വിശ്രമമുറികൾ സജ്ജീകരിക്കണമെന്ന് എഐ വൈഎഫ് ആവശ്യപ്പെട്ടു.
യുവഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി എഐവൈഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് ഹെഡ്പോസ്റ്റോഫീ സ് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത്, സംസ്ഥാന കൗൺസിൽ അംഗം അജിത്ത് വാഴൂർ, ജില്ലാ എക്സിക്യൂട്ടീവ് ഹരി വെച്ചുർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിൽ കെ യു തുടങ്ങിയവർ പ്രസംഗിച്ചു.