കാർത്തിക
കെഎസ്ആർടിസി ബസിൽ നഗ്‌നതാ പ്രദർശനം നടത്തിയ പ്രതിയെ പൂമാലയിട്ട് സ്വീകരിച്ച സംഭവം സാംസ്‌കാരിക കേരളം ഒന്നവലോകനം ചെയ്യുന്നത് നല്ലതാണ്. ധാരാളം യാത്രക്കാർ സഞ്ചരിക്കുന്ന ബസിൽ വച്ച് ഒരു പെൺകുട്ടിക്കുനേരെ നഗ്‌നതാ പ്രദർശനം നടത്തി, സ്വയംഭോഗത്തിന് മുതിർന്ന സവാദ് എന്ന പ്രതിക്ക് ജാമ്യം ലഭിച്ചപ്പോൾ കേരള മെൻസ് അസോസിയേഷൻ നൽകിയ സ്വീകരണം കേരളത്തെ പേടിപ്പിക്കുന്നതാണ്.
ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളായ പെൺകുട്ടികൾ/സ്ത്രീകൾ, ധൈര്യസമേധം ആ അക്രമങ്ങളെ നേരിടാൻ, തങ്ങൾക്ക് നേരിട്ട ദുരനുഭവത്തിന് എതിരെ നിയമപരമായി നീങ്ങാൻ മുന്നോട്ടുവന്നു തുടങ്ങിയിട്ട് നാളധികം ആകുന്നില്ല. സിനിമാ നടൻ ദിലീപ് പ്രതിയായ പീഡനക്കേസിലെ അതിജീവിതയാണ് അതിക്രമങ്ങൾക്ക് എതിരെ മുന്നോട്ടുവരാൻ സ്ത്രീകൾക്ക് ശക്തമായ പ്രചോദനമായത്. ലൈംഗിക ആക്രമണത്തിന് ഇരകളാകുന്നവരോട് നമ്മുടെ സമൂഹവും നിയമ പാലകരും കാണിക്കുന്ന അവഹേളനവും മാറ്റിനിർത്തലും താങ്ങാൻ കഴിയുന്നതിനും അപ്പുറത്താണ്. അങ്ങനെയുള്ളൊരു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ, സവാദിനെപ്പോലെ കുറ്റാരോപിതൻ ആയൊരാൾക്ക് സ്വീകരണം നൽകുന്നതിലൂടെ ഈ ആഭാസ ആൺകൂട്ടം എന്ത് സാമൂഹിക ഉത്തരവാദിത്തമാണ് മുന്നോട്ടുവയ്ക്കുന്നത്?
പ്രതിക്ക് ജാമ്യം നൽകുക എന്നത് അയാളെ കുറ്റക്കരനല്ലാതാക്കുന്നില്ല. ദീലീപിന് ജാമ്യം കിട്ടിയപ്പോൾ ആർത്തുവിളിച്ച ആൺകൂട്ടവും സവാദിനെ മാലയിട്ട് ആനയിക്കാൻ വന്ന ആൺകൂട്ടവും മലയാളി മനസ്സുകളുടെ ലൈംഗിക വൈകൃതമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
പ്രതിക്ക് സ്വീകരണമൊരുക്കുക മാത്രമല്ല, തനിക്ക് നേരിട്ട അതിക്രമം തുറന്നുപറഞ്ഞ പെൺകുട്ടിയെ സമൂഹത്തിനു മുന്നിൽ തേജോവധം ചെയ്യാനും മെൻസ് അസോസിയേഷന്റെ പ്രതിനിധികൾ ശ്രമിച്ചു.
പൊതു ഗതാഗത സംവിധാനത്തിൽ പോലും സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തി ഇറങ്ങുന്ന ഇത്തക്കാർക്ക് ലഭിക്കേണ്ട ശിക്ഷകൾ വിലയിരുത്തപ്പെടേണ്ടതാണ്. പൊതുവിടങ്ങളിൽ യാത്രചെയ്യുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ഇത്തരം ഞരമ്പ് രോഗികളുടെ ശല്യം അറിഞ്ഞിട്ടുള്ളവരായിരിക്കും.
ലൈംഗിക വൈകൃതങ്ങളല്ല പുരോഗമന സമൂഹം പ്രോത്സാഹിപ്പിക്കേണ്ടത്, മറിച്ച് ലൈംഗിക വിദ്യാഭ്യാസത്തെയാണ്. സ്ത്രീയെ ലൈംഗിക ഉപാധിയായി മാത്രം കാണുന്ന പ്രാകൃത സമൂഹത്തിൽ നിന്ന് നമ്മൾ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. നമുക്ക് വേണ്ടത് ഏത് പാതിരാത്രിക്കും സ്വാതന്ത്ര്യത്തോടെ സ്ത്രീക്ക് പൊതു നിരത്തുകളിൽ ഇറങ്ങി നടക്കാൻ പറ്റുന്നൊരു സാമൂഹിക ക്രമമാണ്. ആ സാമൂഹിക ക്രമത്തിൽ കേരള മെൻസ് അസോസിയേഷനെ പോലുള്ള അധമ ആഭാസ കൂട്ടങ്ങൾക്ക് സ്ഥാനമുണ്ടാകരുത്.