ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണം പുരോഗമിക്കവേ കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പുവിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നൽകിയിരിക്കുന്നത്. 2017-18 മുതൽ 2020-21 സാമ്പത്തിക വർഷത്തെ പിഴയും പലിശയും ഉൾപ്പെടുന്നതാണ് തുക. ഇക്കാലയളവിലെ ആദായ നികുതിയുടെ പുനർനിർണയം സംബന്ധിച്ച് കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾ പിന്നീടവെയാണ് പുതിയ നോട്ടീസ് കൈമാറിയത്.
ആദായനികുതി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വാദിച്ച അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തൻഖയാണ് നോട്ടീസുകൾ നൽകിയ കാര്യം സ്ഥിരീകരിച്ചത്. നോട്ടീസിനെ പാർട്ടി നിയമപരമായി നേരിടുമെന്നും ആദായനികുതി വകുപ്പിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും പറഞ്ഞു.