അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധം, പ്രതിപക്ഷനിരയുടെ ശക്തി പ്രകടനം ആക്കാൻ ഇന്ത്യ മുന്നണി. നാളെ ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നടത്തും. എല്ലാ മുതിർന്ന ഘടകകക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും.
മമതാ ബാനർജിക്ക് പകരം പാർട്ടിയുടെ മുതിർന്ന നേതാവ് ടി എം സി യെ പ്രതിനിധീകരിക്കും. നാളത്തെ റാലിയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഇന്ത്യ മുന്നണി നേതാക്കൾ ആശയവിനിമയം നടത്തും.
അതേസമയം കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലുൾപ്പെട്ട ഗോവയിലെ നേതാക്കൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് ഇഡി അറിയിച്ചത്.
ഇതിനിടെ മദ്യ നേയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പ്രതികരിച്ചു. മറ്റു രാജ്യങ്ങൾ സ്വന്തം വിഷയങ്ങൾ പരിഹരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.