ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ പോളിങ് ആരംഭിച്ചു. പത്ത് സംസ്ഥാനത്തും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 ലോക്‌സഭാ മണ്ഡലത്തിലുമായി 1351 സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയുടെയും ഡമ്മിയുടെയും പത്രിക തള്ളുകയും മറ്റ് സ്ഥാനാർത്ഥികളെ പിൻവലിക്കുകയും ചെയ്‌തതോടെ ബിജെപി ‘എതിരില്ലാതെ’ ജയിച്ച സൂറത്തൊഴികെ ഗുജറാത്തിലെ 25 മണ്ഡലവും മൂന്നാം ഘട്ടത്തിൽ വോട്ടുരേഖപ്പെടുത്തും.
അസമിൽ നാല്, ബിഹാറിൽ അഞ്ച്, ബംഗാളിൽ നാല്, ഛത്തീസ്‌ഗഢിൽ ഏഴ്, ഗോവയിൽ രണ്ട്, കർണാടകത്തിൽ 14, മധ്യപ്രദേശിൽ ഒമ്പത്, മഹാരാഷ്‌ട്രയിൽ 11, ഉത്തർപ്രദേശിൽ 10 സീറ്റുകളിലും ദാമൻ–- ദിയു, ദാദ്രനഗർ ഹാവേലി മണ്ഡലങ്ങളിലുമാണ് വിധിയെഴുത്ത്. ഏപ്രിൽ 26ന് നടക്കേണ്ടിയിരുന്ന പോളിങ് ബിഎസ്‌പി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിയ മധ്യപ്രദേശിലെ ബേതുൽ മണ്ഡലവും ബൂത്തിലെത്തും. ജമ്മുകശ്‌മീരിലെ അനന്ത്‌നാഗ്–-രജൗരി മണ്ഡലത്തിൽ പോളിങ് മെയ് 25ലേക്ക് മാറ്റി.