ഇസ്രയേൽ പലസ്തീൻ യുദ്ധത്തിനു പിന്നാലെ ഇസ്ലാമോ ഫോബിയയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ത്യ. എക്സ് പ്ലാറ്റ്ഫോമിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ നിരവധി ഹേറ്റ് ക്യാമ്പേയ്നുകളാണ് ഇന്ത്യയിൽ ഇന്ന് നടന്നുവരുന്നത്. ഹമാസിന്റെ ഇസ്രയേൽ ആക്രമണം രാഷ്ട്രീയ നേട്ടത്തിനു ഉപയോഗിക്കുകയാണ് ബിജെപിയും സംഘപരിവാർ ശക്തികളും. വൻതോതിലുള്ള ഇസ്ലാമോഫോബിയ പ്രചരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ സംഘപരിവാർ നടത്തിവരുന്നത്.
ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ പലസ്തീനൊപ്പം നിന്നിരുന്ന ഇന്ത്യ പൂർണമായും നിലപാട്മാറ്റി ഇസ്രയേലിന്റെ ഒപ്പം ചേർന്നിരിക്കുകയാണ് മോദിയുടെ ഭരണക്കാലത്ത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കെ രാജ്യത്ത് ഇസ്ലാമോ ഫോബിയ ഊട്ടി വളർത്താനുള്ള ഒരു ആയുധം വീണുകിട്ടിയ സന്തോഷത്തിലാണ് സംഘപരിവാർ ഈ വിഷയത്തെ നോക്കിക്കാണുന്നത്. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾ എന്ന പേരിൽ മറ്റ് രാജ്യങ്ങളിൽ മുൻ വർഷങ്ങളിൽ നടന്ന പലതരത്തിലുള്ള ആക്രമണങ്ങളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സംഘപരിവാർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന്റെ പക്ഷത്തോ ഹമാസിന്റെ പക്ഷത്തോ അല്ല ശരിയെന്നും പലസ്തീന്റെ ഭാഗത്താണ് പൂർണമായും ശരിയെന്നായിരുന്നു ഇന്ത്യയുടെ മുൻ നിലപാടുകൾ. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ഇസ്രയേലിനെ പിന്തുണയ്ക്കുകയും പലസ്തീനെ പൂർണമായി കൈവിടുകയും ചെയ്തു. പലസ്തീനിലെ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്ന മനുഷ്യരെ തീവ്രവാദികളെന്ന് മുദ്രകുത്തുകയാണ് സംഘപരിവാർ.
ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവെ പ്രതിപക്ഷത്തിന്റെ ഐക്യവും ജനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന ഭരണവിരുദ്ധ വികാരവും മറികടക്കാൻ വേണ്ടി പലതരത്തിലുള്ള അജണ്ടകൾ ബിജെപിയുടെ ഐടി സെൽ ആവിഷ്കരിക്കുന്നുണ്ട് അത്തരത്തിലൊരു പ്രചരണമായി മാറുകയാണ് സാമൂഹ്യമധ്യമങ്ങളിലൂടെ രാജ്യത്ത് പ്രചരിക്കുന്ന പലസ്തീൻ വിരുദ്ധ സന്ദേശങ്ങൾ.