മുംബൈ: ഇന്ത്യയിൽ 5,233 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർചെയ്തതായി റിപ്പോർട്ട്. മാർച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന നിരക്കാണിത്. മുൻപുള്ള ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കേസുകളിൽ വർധന 41 ശതമാനമാണ്. ഏഴ് പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. പുതുതായി 1,881 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽമാത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഒമിക്രോണിൻറെ ബി എ 5 വകഭേദം കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്താനും നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളോട് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പുതിയ വകഭേദത്തിന്റെ വ്യാപന ശേഷി വളരെ കുറവാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതാകാം കോവിഡ് കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ലോക്ഡൗൺ ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് ഒഴിവാക്കണമെങ്കിൽ മാസ്ക് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.