ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായി ബുധൻ പുലർച്ചയോടെ പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഒമ്പത് കേന്ദ്രം ആക്രമിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആക്രമണത്തിലൂടെ ഇന്ത്യ 12 ഭീകരരെ വധിച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ത്യയുടെ കര–വ്യോമ സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. നീതി നടപ്പാക്കി എന്ന വാക്കുകളോടെയായിരുന്നു സെെന്യം ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച കാര്യം എക്സിലൂടെ അറിയിച്ചത്.
മൗലാനാ മസൂദ് അസറിന്റെ കേന്ദ്രങ്ങളാണ് തകർത്തതെന്നാണ് റിപ്പോർട്ടുകൾ. കോട്‍ലി, മുരിദികെ, ബഹാവൽപുർ, മുസഫറബാദ് എന്നിവിടങ്ങളിൽ ഇന്ത്യയുടെ ആക്രമണം പാകിസ്ഥാൻ സൈനികവൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകര സംഘടന ലഷ്‍കർ ഇ തായ്ബയുടെ ആസ്ഥാനമാണ് മുരിദികെ. ഭീകരൻ മൗലാനാ മസൂദ് അസ്‍ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്‍ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുർ.
അതിർത്തിയിൽ വൻതോതിൽ ഷെല്ലിങ് നടക്കുന്നതായും റിപ്പോർട്ടുണ്ട്. നിയന്ത്രണരേഖയിൽ തുടർച്ചയായ 12-ാം ദിവസവും പാക് സേന വെടിനിർത്തൽ ലംഘിച്ചിരുന്നു. ഇന്ത്യ തിരിച്ചടിച്ചതോടെ പാകിസ്ഥാൻ വീണ്ടും കരാർ ലംഘിച്ചു.
ആക്രമണത്തിന് പിന്നാലെ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചതെന്ന് ലോകരാജ്യങ്ങളോട് ഇന്ത്യ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.