ന്യൂഡൽഹി: 2016 മുതൽ 2020 വരെയുള്ള അഞ്ച് വർഷത്തിനിടെ രാജ്യത്ത് 3,399 വർഗ്ഗീയമോ മതപരമോ ആയ കലാപങ്ങളുണ്ടായതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചു. ഈ കാലയളവിൽ ഏതാണ്ട് 2.76 ലക്ഷത്തിലധികം കലാപക്കേസുകൾ രാജ്യത്ത് പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് എംപി ശശി തരൂരും ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷിയും ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യത്ത് നടന്ന കലാപത്തിന്റെ വ്യാപ്തി സംബന്ധിച്ച വിവരങ്ങൾ നൽകിയത്.
കഴിഞ്ഞ വർഷങ്ങളിൽ രാജസ്ഥാനിലുൾപ്പെടെ രാജ്യത്ത് നടന്ന വർഗ്ഗീയ കലാപങ്ങളുടെയും ആൾക്കൂട്ട കൊലപാതകങ്ങളുടെയും വിശദാംശങ്ങൾ കേന്ദ്രസർക്കാർ സൂക്ഷിച്ചിട്ടുണ്ടോയെന്ന് ഇരു എംപിമാരും ചോദിച്ചു. അതിന്റെ മറുപടിയായിട്ടാണ് കേന്ദ്ര സഹമന്ത്രി ലോക്സഭയിൽ റിപ്പോർട്ട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) രേഖപ്പെടുത്തിയതനുസരിച്ച് രാജ്യത്ത് 3,399 കലാപങ്ങളുണ്ടായതായി മന്ത്രി പറഞ്ഞു. ഇത് വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും എൻസിആർബി ശേഖരിച്ചതാണ്. എന്നാൽ രാജ്യത്ത് നടന്നിട്ടുള്ള ആൾക്കൂട്ട കൊലപാതങ്ങളെക്കുറിച്ചു ചോദ്യങ്ങളുയർന്നപ്പോൾ ആ വിവരങ്ങളൊന്നും എൻസിആർബി സൂക്ഷിക്കാറില്ലെന്നാണ് മന്ത്രി പറഞ്ഞത്. കലാപക്കേസുകൾക്ക് മാത്രമാണ് വർഷങ്ങൾ തിരിച്ച് മന്ത്രി വ്യക്തത നൽകിയത്.
മന്ത്രി അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലുടനീളം 2016 ൽ 61,964 കലാപങ്ങൾ ഉണ്ടായി, അതിൽ 869 എണ്ണം മതപരമോ സാമുദായികപരമോ ആയിരുന്നു. 2017-ൽ 58,880 കേസുകളുണ്ടായിരുന്നു, അതിൽ 723 എണ്ണം വർഗ്ഗീയമോ മതപരമോ ആയിരുന്നു. 2018-ൽ ഇത് യഥാക്രമം 57,828 ഉം 512 ഉം ആയിരുന്നു. 2019-ൽ അവർ 45,985 ഉം 438 ഉം ആയിരുന്നു. 2020-ൽ 51,606 കലാപ കേസുകളുണ്ടായി, അതിൽ 857 എണ്ണം മതപരമോ സാമുദായികമോ ആയിരുന്നു. ഈ അഞ്ച് വർഷത്തിനിടയിൽ മൊത്തം 2,76,273 കലാപങ്ങൾ ഉണ്ടായതായും അതിൽ 3,399 എണ്ണം വർഗ്ഗീയമോ മതപരമോ ആയ സ്വഭാവമുള്ളവയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.