2014 അധികാരത്തിൽ എത്തിയ നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ വിദേശനയത്തെ രാഷ്ട്രീയ സ്വയംസേവ സംഘിന്റെ താല്പര്യ സംരക്ഷണാർത്ഥം മാറ്റിമറിയ്ക്കുന്ന കാഴ്ചയാണ് ഒരു ദശാബ്ദക്കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വിദേശ സമയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയത്തെ കൈവിട്ടുകൊണ്ട് സാമ്രാജ്യത്വ ആഗോളവൽക്കരണ മൂലധന താല്പര്യസംരക്ഷണത്തിനുതകുന്ന വിദേശനയത്തെ വാരിപ്പുണരുകയാണ്. മൂന്നാം ലോകരാജ്യങ്ങളുടെ താല്പര്യം സംരക്ഷണത്തിനായി നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യ ഇന്ന് ആഗോള മൂലധന ശക്തികളുമായി സമരസപ്പെടുകയാണ്. ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളുമായി സൗഹൃദ അന്തരീക്ഷം നിലനിർത്തുന്നതിൽ നരേന്ദ്രമോദി സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. അമേരിക്കയും ഇസ്രായേലും ബ്രിട്ടനും ഫ്രാൻസും പോലുള്ള രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകുന്ന മോദി ഭരണകൂടം അയൽപക്ക രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ചരിത്രപരമായി ഉണ്ടായിരുന്ന ബന്ധം നിലനിർത്തുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. ശ്രീലങ്കയും, മാലിദ്വീപും, നേപ്പാളുമായി ഉണ്ടായിരുന്ന ഊഷ്മളമായ സൗഹൃദത്തിൽ വിള്ളലുണ്ടായത് ശ്രദ്ധേയമായ വിദേശനയത്തിലെ മാറ്റമാണ്. ചൈനയും പാകിസ്ഥാനുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്കാണ് മോദി രാജ്യത്തെ നയിക്കുന്നത്. ചേരിചേരാനയത്തിന്റെ വക്താക്കളായിരുന്ന നാം ഇന്ന് വിവിധ സൈനികസഖ്യങ്ങളുടെ ഭാഗമായി മാറുകയാണ്.
Quadrilateral security dialogue(ക്വാഡ്) ഒരിക്കൽ ഗ്ലാബൽ സൗത്തിന്റെ Leader ആയിരുന്ന ഇന്ത്യാ ഇന്ന് ആഗോള സാമ്രാജ്യത്വ വ്യവസ്ഥിതിയെ പിൻപറ്റുകയാണ്. മോദി സർക്കാരിന്റെ വിദേശ നയം മുതലാളിത്ത രാജ്യങ്ങളുടെ ആശ്രിത രാജ്യമായി ഇന്ത്യയെ മാറ്റിത്തീർത്തു കൊണ്ടിരിക്കുകയാണ്. റഷ്യയുമായുണ്ടായിരുന്ന ബന്ധത്തിലും ഉലച്ചിൽ തട്ടിയിരിക്കുന്നു. റഷ്യ. യുക്രയിൻ യുദ്ധത്തിൽ ഇന്ത്യ പാശ്ചാത്യശക്തികളുടെ താല്പര്യസംരക്ഷകരായപ്പോൾ സംഭവിച്ചത് റഷ്യാ-ചൈനാ ബന്ധം ശക്തിപ്പെടുത്തുന്ന തിലേക്കാണ്. ഇന്ത്യ അത്രകണ്ട് ലോകശക്തി യല്ലാതിരുന്ന കാലഘട്ടത്തിലും നാം മുന്നോട്ടുവച്ച ചേരിചേരാനയം പോലുള്ള ശക്തമായ നിലപാ ടിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ആദരവ് നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. വ്യക്തി പ്രഭാവം കൊണ്ട് ഒരു രാജ്യത്തിനും അന്താരാ ഷ്ട്ര ബന്ധങ്ങളിൽ നേട്ടം കൊയ്യാൻ കഴിയില്ല. ഇന്ത്യൻ വിദേശ നയം ഇന്നൊരു വ്യതിചലന കാലഘട്ടത്തിലാണ്. ഇന്ത്യയിൽ ഉണ്ടായിരു ന്നതിനേക്കാൾ കൂടുതൽ സമയം ഇന്ത്യൻ പ്ര ധാനമന്ത്രി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു. അമേരിക്കൻ പ്രസിഡ നായിരുന്ന ഡൊണാൾഡ് ട്രംപുമായി മോദി ക്കുണ്ടായിരുന്ന വ്യക്തിപരമായ ബന്ധം പ്രശ സമായിരുന്നല്ലോ.ട്രംപിനുശേഷം അധികാരത്തി ലെത്തിയ ബൈഡൻ സർക്കാർ
ചൈന-അമേരിക്ക ശീതയുദ്ധത്തിലേക്ക് ഇന്ത്യയെ ക്ഷണി ക്കുന്ന നയമാണ് സ്വീകരിച്ചത്. ക്വാഡ് കൂട്ടായ്മ യിൽ അടക്കം നാം പങ്കാളികളാകുന്നു. എന്നാൽ ഇന്ത്യയും ചൈനയും തമ്മിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ ഈ രാജ്യങ്ങളൊന്നും നമ്മോടൊ പ്പമുണ്ടാകുമെന്ന് കരുതാനാവില്ല.
അമേരിക്കയും ഇസ്രായേലുമായി കൂടുതൽ ദൃഢമായ ബന്ധത്തിൽ ആയ ഇന്ത്യ സാമ്രാജ്യ ത്വ രാജ്യങ്ങളിൽ നിന്ന് വൻതോതിലുള്ള ആയുധ ഇറക്കുമതി ആരംഭിച്ചു. ഇന്ത്യയിലെ എക്കാലത്തെയും വിശ്വസ്തരാജ്യമായ റഷ്യയിൽ നിന്നും അകലുന്ന നയമാണ് ഇക്കാര്യത്തിൽ നാം സ്വീകരിച്ചത്. ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങൾ ഇത്തരം ഇറക്കുമതിയിൽ ചില സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കി ഭീകര പ്രവർത്തനം അമർച്ച ചെയ്തു കാശ്മീർ പ്രശ്നം പരിഹരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇന്ത്യയ്ക്ക് ചൈനയും പാക്കിസ്ഥാനുമായുള്ള ദൃഢമാവുന്ന ബന്ധം അഭിലഷണീയമല്ല. ചൈനയുടെ കൈവശമുള്ള അക്സായ് ചിൻ മേഖലയിലും പാക് അധിനിവേശ കാശ്മീരിലൂടെയും റോഡുകളും പാലങ്ങളും വാർത്താവിനിമയ ഉപാധികളും സ്ഥാപിക്കുന്നതും ഗിരജിത്ത്-ബാൾട്ടിസ്ഥാൻ എന്നിവയിലൂടെ കടന്നു പോകുന്ന പാക്-ചൈനാ വ്യവസായ ഇടനാഴിയും നമ്മുടെ സുരക്ഷയെ ബാധിക്കുന്നതാണ്. നമ്മുടെ സമുദ്രാതിർത്തികളിലും സംഘർഷം വർദ്ധിക്കുകയാണ്. മാലിദ്വീപിൽ പുതുതായി അധികാരത്തിലെത്തിയ മൊഹമ്മദ് മൊയ്(Mohamed-Muizu) ഇന്ത്യൻ സേനയെ മാലിദ്വീപിൽ നിന്ന് പുറത്താക്കി ചൈനയുമായി പുതിയ സൈനിക കരാർ ഒപ്പിട്ട വിവരമാണ് പുറത്തു വരുന്നത്. നമ്മുടെ അയൽ രാജ്യങ്ങളുമായി ചൈന സ്ഥാപിക്കുന്ന സൗഹൃദം ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇത്തരമൊരു സാഹചര്യത്തിന് കളമൊരുക്കിയത് ഇന്ത്യ തന്നെയാണ്.
തെക്ക് കിഴക്കൻ ആസിയാൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച ആക്ടീവ് ഈസ്റ്റ് പോളിസിയും കാര്യമായ വിജയം നേടാൻ ആയിട്ടില്ല. മറ്റൊരു പരാജയം ഇന്ത്യയുടെ അഫ്ഗാൻ പോളിസിയാണ്. അമേരിക്കയുടെ തോളിൽ ചാരി അഫ്ഗാനിസ്ഥാന് പിൻബലമേകാൻ ഇന്ത്യ കോടികളാണ് ചെലവഴിച്ചത്. കാബൂളിലെ പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ സംഭാവനയാണ് . പശ്ചാത്തല വികസനത്തിന്
ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ചെലവഴിച്ചത് ആയിരക്കണക്കിന് കോടി രൂപയാണ്. എന്നാൽ അമേരിക്കൻ പിന്മാറ്റത്തോടെ അധികാരത്തിലെത്തിയ താലിബാൻ ഭരണകൂടം പൂർണമായും ഇന്ത്യാ വിരുദ്ധ നയമാണ് സ്വീകരിക്കുന്നത്. പാക്കിസ്ഥാനും ചൈനയും മുൻപില്ലാത്തവിധം അഫ്ഗാനിസ്ഥാനിൽ ഇടപെടുന്നുണ്ട്.
ജി 20 അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഇന്ത്യ ന്യൂഡൽഹിയിൽ വച്ച് ജി 20 സമ്മേളനം വിജയകരമായി നടത്തിയെങ്കിലും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെയും അസാന്നിധ്യം സമ്മേളനത്തിന്റെ മാറ്റിനെ കുറയ്ക്കാൻ ഇടയാക്കി. റഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം കാരണം കാര്യമായ രാഷ്ട്രീയ തീരുമാനങ്ങൾ ഒന്നും എടുക്കാൻ കഴിഞ്ഞില്ല. ആഫ്രിക്കൻ യൂണിയനെ ജി 20 യിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത് ഈ സമ്മേളനത്തിന്റെ നേട്ടമായി വിലയിരുത്താം. പക്ഷേ അതിന്റെ പിന്നിലെ സാമ്പത്തിക താല്പര്യങ്ങളെ നമുക്ക് അവഗണിക്കാനാവില്ല. ആഗോളവൽക്കരണ കാലഘട്ടത്തിൽ ഇന്ത്യ കൈവിട്ട ആഫ്രിക്കൻ ബന്ധത്തെ തിരികെ പിടിക്കാൻ ശ്രമിക്കുന്നത് സാമ്പത്തിക വിഭവനേട്ടങ്ങൾക്കു വേണ്ടിയാണ്. ബ്രിക്സ് രാഷ്ട്രങ്ങൾ തമ്മിൽ സൗഹൃദം ദൃഢമാക്കണമെന്നു പറയുന്ന ഇന്ത്യ ഡോളറിന് ബദലായി ബ്രിക്സ് രാഷ്ട്രങ്ങളുടെ പൊതു കറൻസിയെ രൂപപ്പെടുത്തുന്നതിൽ താല്പര്യം കാണിക്കുന്നില്ല. ചൈനീസ് അധിനിവേശം വ്യാപിപ്പിക്കാൻ ഈ ഏകീകൃത കറൻസി വഴിവയ്ക്കും എന്ന് ഇന്ത്യക്ക് ആശങ്കയുണ്ട്. ഇന്ത്യക്ക് അമേരിക്കയുമായുള്ള ബന്ധവും ഇതിൽ സംശയിക്കുന്നവരുമുണ്ട്.
ഇന്ത്യ എക്കാലവും പാലസ്തീനികളുടെ സുഹൃദ് രാജ്യമായിരുന്നു. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാ യിരുന്നു ഇന്ത്യ. കോൺഗ്രസ് ഭരണകാലത്ത്, 1992ൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച ഇന്ത്യ അതിനുശേഷവും പാലസ്തീൻ അനുകൂല നിലപാടാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. എന്നാൽ മോദിസർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇസ്രായേൽ അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നത്. 2017 ൽ മോദി ഇസ്രായേൽ സന്ദർശിക്കുക വഴി ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. 2018 ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥിയായി ബഞ്ചമിൻ നെതന്യാഹുവിനെ പോലുള്ള ഒരു വലതുപക്ഷ വംശീയവാദിയെ ക്ഷണിക്കാനും മോദി മറന്നില്ല. ഇതിനു കാരണം ഇസ്രായേലുമായുള്ള വൻതോതിലുള്ള ആയുധക്കച്ചവടമാണ്.
ഇപ്പോൾ നടക്കുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിന്റെ പൂർണ്ണ ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രമായ ഇസ്രായേൽ ഗാസയിൽ നടത്തുന്നത് ഭീകരാക്രമണമാണെന്ന് ഉറക്കെ പറയാൻ ഇന്ത്യ ക്കാകുന്നില്ല. ഗാസയിലെ നിരപരാധികളുടെ നിലവിളിക്ക് ഇന്ത്യ ചെവികൊടുക്കുന്നില്ല.
യുഎന്നിലെ(UN) സ്ഥിരാംഗത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്. ആഗോള ശാക്തിക ഘടനയിൽ ഉണ്ടായ മാറ്റത്തെ ഉൾക്കൊള്ളാൻ UNO യെ പ്രാപ്തമാക്കണമെങ്കിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സമൂലമായ മാറ്റം അനിവാര്യമാണ്. ലോകത്തെ പ്രധാന ശക്തിയായി വളർന്നു എന്ന് അവകാശപ്പെടുമ്പോഴും സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗത്വം എന്ന ആവശ്യം നേടിയെടുക്കാൻ ഇന്ത്യൻ വിദേശ നയത്തിനാകുന്നില്ല.
ഇന്ത്യയിൽ സർക്കാരുകൾ മാറിമാറിവരും എന്നാൽ ഇന്ത്യയെന്ന സത്യം എന്നും നിലനിൽക്കേണ്ടതുണ്ട്. ഇന്ത്യൻ വിദേശ നയത്തിന്റെ കാതലാണ് ചേരിചേരാനയം, സാമ്രാജ്യ വിരുദ്ധത, വംശീയവിരുദ്ധത, പഞ്ചശീല തത്വങ്ങൾ എന്നിവയിലൂന്നിയ ഒരു വിദേശ നയത്തിനുമാത്രമേ നമ്മുടെ പൂർവ്വികർ സ്വപ്നം കണ്ട വസുദൈവ കുടുംബകം എന്ന ആശയത്തിലേക്ക് ഇന്ത്യയെ നയിക്കാൻ കഴിയൂ.
കടപ്പാട്: നവയുഗം മാസിക