ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നാണ് ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ. പ്രദർശിപ്പിക്കുന്ന 25 ഫീച്ചർ ഫിലിമുകളുടെയും 20 നോൺ-ഫീച്ചർ ഫിലിമുകളുടെയും പട്ടിക പ്രഖ്യാപിച്ചു. രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വതന്ത്ര വീർ സവർക്കർ’ ആണ് ഉദ്ഘാടന ചിത്രം.
രൺദീപ് ഹൂഡ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ. ബോക്‌സ് ഓഫീസിൽ മുടക്കുമുതൽ പോലും നേടാനാകാതെ ചിത്രം തകർന്നടിഞ്ഞത് വലിയ വാർത്തയായിരുന്നു. ഹിന്ദുത്വ നേതാവായ വി.ഡി. സവർക്കറിനെ മഹത്വവത്ക്കരിക്കാനായി നിർമ്മിച്ച ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ. കഴിഞ്ഞ വർഷത്തെ ഇന്ത്യൻ പനോരമയിൽ കേരള സ്‌റ്റോറി ഉൾപ്പെടുത്തിയതും ഇത്തരത്തിൽ ചർച്ചയായിരുന്നു.
മലയാളത്തിൽ നാല് ചിത്രങ്ങളാണ് ഇത്തവണ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആസിഫ് അലി നായകനായ ലെവൽ ക്രോസ്, മമ്മൂട്ടി നായകനായ ഭ്രമയുഗം, പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആടുജീവിതം, മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ മഞ്ഞുമ്മൽ ബോയ്‌സ് എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മെയിൻ സ്ട്രീം വിഭാഗത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് തെരഞ്ഞെടുക്കപ്പെട്ടത്. ബോളിവുഡ് ചിത്രം 12th ഫെയിൽ, തെലുങ്ക് ചിത്രം കൽക്കി 2898 എ.ഡി എന്നീ ചിത്രങ്ങളും മെയിൻ സ്ട്രീം വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ആസമീസ്, ബംഗാളി, മറാഠി, ഗാലോ ഭാഷകളിൽ നിന്നായി 25 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജിയിലാണ് മേള അരങ്ങേറുന്നത്.