ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരനായ യു എൻ സന്നദ്ധപ്രവർത്തകൻ കൊല്ലപ്പെട്ടു. മുൻ ഇന്ത്യൻ സൈനികനായ അനിൽ കാലെ ആണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. യു എൻ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണമാണ് അനിലിന്റെ മരണത്തിൽ കലാശിച്ചത്. റഫായിൽനിന്ന് ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇസ്രയേൽ ആക്രമണത്തിൽ ആദ്യമായാണ് ഒരു വിദേശി യുഎൻ പ്രവർത്തകൻ കൊല്ലപ്പെടുന്നത്.സംഭവത്തിൽ യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ മാസമാണ് വൈഭവ് അനിൽ കാലെ ഗാസയിലെ യു എന്നിന്റെ സുരക്ഷാ സേവന കോർഡിനേറ്ററായി പ്രവർത്തനം ആരംഭിച്ചത്. ഇസ്രയേൽ ആക്രമണത്തിന് ഇരയായ കാറിൽ യുഎൻ ദൗത്യം എന്ന് വ്യക്തമാക്കുന്ന അടയാളങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇസ്രയേൽ ആക്രമണത്തിന് വിധേയമാകുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ള വാനിന്റെ പിൻവശത്തെ ഗ്ലാസിൽ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകൾ ദൃശ്യമാണ്. വാഹനത്തിന്റെ മുൻഭാഗത്തും വാതിലുകളിലുമെല്ലാം യു എൻ പതാക പതിപ്പിച്ചിരുന്നു.