Thursday, November 21, 2024
spot_imgspot_img
HomeEditorialപടര്‍ന്നു പന്തലിച്ച സമര മരം; എഐഎസ്എഫ് എന്ന നാലക്ഷരം

പടര്‍ന്നു പന്തലിച്ച സമര മരം; എഐഎസ്എഫ് എന്ന നാലക്ഷരം

1936, ഓഗസ്റ്റ് 12, ലഖ്നൗ. ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിന് ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്ത ദിവസം; സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ ഉരുക്കിവാര്‍ത്തെടുത്ത ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് അന്നവിടെ ജന്മംകൊണ്ടു. ആ പിറവിയ്ക്ക് സാക്ഷിയായി ഒത്തുകൂടിയത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള മഹാരാഥന്‍മാര്‍. ജന്‍മനാടിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി തെരുവിലറിക്കിയ ആ സംഘടന, ദേശസ്നേഹത്തിന്റെ മഹത്വമുയര്‍ത്തിപ്പിടിച്ച്, പോരാട്ടങ്ങളുടെ നിലയ്ക്കാത്ത സമര പരമ്പരകള്‍ തീര്‍ത്ത്, മാറ്റത്തിന്റെ പുതിയ നാളേയ്ക്കായി ഇന്നും സന്ധിയില്ലാ സമരത്തിലാണ്. എഐഎസ്എഫ് എന്ന നാലക്ഷരം; അതിന് സ്വാതന്ത്ര്യമെന്നും സഹനമെന്നും പോരാട്ടമെന്നും അര്‍ത്ഥമുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട എഐഎസ്എഫ് ലക്ഷ്യം പൂര്‍ത്തീകരിക്കും വരെ, ആ പോരാട്ടത്തില്‍ പങ്കു ചേര്‍ന്നു. ക്വിറ്റ് ഇന്ത്യാ സമരം നയിച്ചതിന്റെ പേരില്‍, ബ്രട്ടീഷ് പട്ടാളം 1942ല്‍ ഹെമു കലാനി എന്നാ എഐഎസ്എഫ് നേതാവിനെ അറസ്റ്റ് ചെയ്യുകയും 1943ല്‍ അദ്ദേഹത്തിന്റെ 19 ാമത്തെ വയസില്‍ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു രക്തസാക്ഷിയായ വിദ്യാര്‍ത്ഥിനി കനകലതയും എഐഎസ്എഫ് നേതാവായിരുന്നു. യാത്രാവകാശത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ച സതീഷ് കുമാര്‍, വിദ്യാഭ്യസ കച്ചവടത്തിനെതിരെ പോരാടി മരിച്ച ജയപ്രകാശ് എന്നിവര്‍ എഐഎസ്എഫിന്റെ കേരളത്തിലെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്.

രൂപീകരണ കാലം മുതല്‍ ഉയര്‍ത്തിയിരുന്ന ‘സ്വാതന്ത്ര്യം, സമാധാനം, പുരോഗതി’ എന്ന മുദ്രാവാക്യം 1958ല്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഭേദഗതി വരുത്തി. അന്ന് മുതല്‍ പഠിക്കുക പോരാടുക എന്നാ മുദ്രാവാക്യം ആണ് എഐഎസ്എഫ് മുന്നോട്ടു വക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള എഐഎസ്എഫ് വിദ്യാഭ്യാസ മേഖലയിലെ, കച്ചവടവത്കരണത്തിനും വര്‍ഗ്ഗീയവത്കരണത്തിനും നിലവാരത്തകര്‍ച്ചയ്ക്ക് എതിരെയും പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ പ്രകമ്പിതകതമായ തൊഴില്‍ അല്ലെങ്കില്‍ ജയില്‍, വിദ്യാഭ്യാസം ഔദാര്യമല്ല, അവകാശമാണ് എന്ന പ്രക്ഷോഭ പരമ്പര എഐഎസ്എഫും എഐവൈഎഫും ചേര്‍ന്നാണ് തെരുവുകളില്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ രാവുകള്‍ കനക്കുകയും തെരുവുകള്‍ പ്രക്ഷുബ്ധമാവുകയും ജയിലുകള്‍ നിറയുകയും ചെയ്ത ആ പ്രക്ഷോഭങ്ങള്‍ സ്വാതന്ത്രാനന്തരം ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ യുവജന വിദ്യാര്‍ത്ഥി മുന്നേറ്റമായിരുന്നു. ഇന്ത്യയുടെ മതേതരത്വവും ദേശീയ ഐക്യവും വെല്ലുവിളി നേരിട്ട ഘട്ടങ്ങളിലെല്ലാം ഇന്ത്യയെ രക്ഷിക്കൂ, ഇന്ത്യയെ മാറ്റൂ എന്ന മുദ്രാവാക്യവും ഉയര്‍ത്തി എഐഎസ്എഫ് എഐവൈഎഫിനൊപ്പം പ്രതിരോധം തീര്‍ത്തു. പഞ്ചാബിലെ തീവ്രവാദ വിരുദ്ധപോരാട്ടത്തില്‍ ഒന്നര ഡസനിലധികം വിദ്യാര്‍ത്ഥി പോരാളികളാണ് രക്തസാക്ഷികളായത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സൈക്കിള്‍ ജാഥയും ലോങ് മാര്‍ച്ചുകളും സംഘടിപ്പിച്ച ഈ പ്രസ്ഥാനം ആധുനിക ചരിത്രത്തിന്റെ വേര്‍പ്പെടുത്താനാവാത്ത അടയാള നക്ഷത്രങ്ങളായി തിളങ്ങി നില്‍ക്കുന്നു.

കടന്നുവന്ന വഴിയെല്ലാം തീക്കനലുകളായിരുന്നു. നീന്തിക്കയറേണ്ടിവന്നതെല്ലാം ചോരക്കടലുകളായിരുന്നു. അതി തീഷ്ണമായി ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളെല്ലാം മാനവികതയെക്കുറിച്ചായിരുന്നു. പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്തിയവരേറെ, എത്രയമ്മമാരുടെ കണ്ണുനീര്‍, പോരാട്ടത്തിന്റെ പകുതി വഴിയില്‍ ചിതറി തെറിച്ചുപോയ തീഷ്ണ ജീവിതങ്ങളെത്ര… എന്നിട്ടും വീഴാത്ത സമര മരമായി എഐഎസ്എഫ് നിലകൊണ്ടു, കാരണം, അതിന്റെ അടിവേരുകള്‍, പിണഞ്ഞുകിടക്കുന്നത്, രാജ്യത്തിന് വേണ്ടി പോരാടി വീണ ധീരവിപ്ലവകാരികളുടെ കുഴിമാടങ്ങളിലായിരുന്നു. അതിന് പോരാടാതെ വേറെ തരമില്ലായിരുന്നു…’സഖാക്കളെ മുന്നോട്ട് എന്ന സഖാക്കളുടെ സഖാവ് പി കൃഷ്ണപിള്ളയുടെ ആഹ്വാനം തള്ളിക്കളയാന്‍ അതിന് ആവതില്ലായിരുന്നു…അതുകൊണ്ട് നക്ഷത്രാങ്കിത ധവള ചെങ്കൊടി വാനോളമുയര്‍ത്തി അവരിപ്പോഴും ഏറ്റുവിളിക്കുന്നു; പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം, പുത്തനമ്പലങ്ങളല്ല പണിയിടങ്ങള്‍ തീര്‍ക്കനാം…

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares