യുവതലമുറ പ്രത്യേകിച്ച് ജെൻ സി വിഭാഗക്കാർ പൊതുവേ രാഷ്ട്രീയത്തോട് എതിർപ്പാണ് രേഖപ്പെടുത്തുന്നത്. അതിനുളള ഉത്തമ ഉദാഹരണമായി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ പറഞ്ഞ വാക്കുകൾ.
ശരിക്കും ആ വിധികർത്താവ് കേരളത്തെ അപമാനിക്കുകയായിരുന്നോ? എനിക്ക് രാഷ്ട്രീയമില്ലെന്നും വോട്ട് ചെയ്യാറില്ലെന്നും അത്തരമൊരു വേദിയിൽ പോയി ഒരുളുപ്പുമില്ലാതെ പറഞ്ഞ ആ പെൺകുട്ടിയല്ലേ കേരളത്തെ അപമാനിച്ചത്?
ശരിക്കും അത്തരത്തിലൊരു സാഹചര്യത്തിലേക്ക് കേരളത്തെ തളളി വിട്ടതാത് ആരാണ്? എനിക്ക് രാഷ്ട്രീയമില്ല എന്ന് ഉറക്കെ അഭിമാനത്തോടെയാണ് വിളിച്ചു പറയുന്നത്. എന്താണ് രാഷ്ട്രീയത്തിന് കുഴപ്പം?.
അരാഷ്ട്രീയവാദം യുവതലമുറയെ കാർന്ന് തിന്നുമ്പോൾ ഓർക്കേണ്ട ഒന്നുണ്ട്. നമ്മൾ ചവിട്ടി നിൽക്കുന്ന മണ്ണ്, നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം, നമ്മുടെ പൗരബോധം ഇവയെല്ലാം ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ഉണ്ടായതല്ല.
രാഷ്ട്രീയമെന്ന വാക്ക് അതിന്റെ ശരിയായ അർത്ഥത്തിൽ, ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചാൽ, നമ്മളോരോരുത്തരും ചിന്താപരമായി വ്യക്തിയിൽ നിന്നും സമൂഹത്തിലേക്ക് വികാസം പ്രാപിക്കുന്ന പ്രക്രിയയാണ് രാഷ്ട്രീയം.
കഴിക്കുന്ന ഭക്ഷണം മുതൽ നമ്മളുടുക്കുന്ന വസ്ത്രം, സഞ്ചരിക്കുന്ന വാഹനം, അതിനെ ചലിപ്പിക്കുന്ന ഇന്ധനം അങ്ങനെ സകലതിലും മറ്റുള്ളവരുടെ അധ്വാനമുണ്ട് എന്ന തിരിച്ചറിവിൽ നിന്നും നമ്മുക്ക് വേണ്ടിയെന്ന പോലെ അവർക്കു കൂടി വേണ്ടി ചിന്തിക്കുന്ന ഇടത്താണ് നമ്മൾ രാഷ്ട്രീയമുള്ള മനുഷ്യരാകുന്നത്.
രാഷ്ട്രീയം എന്നത്, സമൂഹം എങ്ങനെ മുന്നോട്ടു പോകണം എന്നതിനെക്കുറിച്ചും, സമൂഹത്തിലെ ഓരോ മനുഷ്യർക്കും ലഭിക്കേണ്ട നീതികളെ കുറിച്ചും ഒക്കെയുള്ള ധാരണകളും നയങ്ങളും ആശയങ്ങളും നിലപാടുകളും ഒക്കെയാണെങ്കിൽ, അവ പോളിസികൾ ആക്കി നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ആളുകളാണ് രാഷ്ട്രീയ പ്രവർത്തകർ അല്ലെങ്കിൽ ഓരോ തിരഞ്ഞെടുപ്പിലും മത്സരിച്ചു അധികാരമേൽക്കുന്ന ആളുകൾ.
തനിക്ക് തന്റെ കുടുംബവും താനും മാത്രമേ വേണ്ടതുള്ളൂ, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ തനിക്ക് താല്പര്യമില്ല, യാതൊരു സാമൂഹിക കാര്യങ്ങളിലും അഭിപ്രായം തനിക്കില്ല അതൊന്നും തന്റെ വിഷമയല്ല, തിരഞ്ഞെടുപ്പും, ഭരണവും, രാഷ്ട്രീയ പ്രവർത്തനവും, ഭരണകർത്താക്കളുടെ നിലപാടുകളും നയങ്ങളും ഒന്നും തന്നെ ആവശ്യമില്ല എന്നൊക്കെ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെ അരാഷ്ട്രീയവാദം എന്ന് വിളിക്കാം.
ഇൻസ്റ്റാഗ്രാം തുറന്നുനോക്കൂ, അതിൽ അരാഷ്ട്രീയവാദത്തിന്റെ പേക്കൂത്തുകൾ കാണാൻ സാധിക്കും. വേർതിരിവില്ലാതെ, അവിടെ മറ്റൊന്നും കാണാൻ സാധിക്കില്ല. ജെൻ സി എന്നവകാശപ്പെടുന്ന ഒരുവിഭാഗം, തൊണ്ണൂറുകളിലും എൺപതുകളിലും ജനിച്ചവരെ പരിഹസിക്കുന്നു.
തൊണ്ണൂറുകളിലും എൺപതുകളിലും ജനിച്ചവർ ജൻ സി തലമുറയെ പരിഹസിക്കുന്നു. കോളനിവാണങ്ങളെന്നും കാട്ടുവാസികളെന്നും ജെൻ സി കുട്ടികൾ പരക്കെ അധിക്ഷേപം നടത്തുന്നത് ഇൻസ്റ്റാഗ്രാമിൽ കാണാൻ സാധിക്കും. രാഷ്ട്രീയ ബോധമില്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണിത്.
സമരങ്ങളെ പുച്ഛം, രാഷ്ട്രീയ നേതാക്കളെ പുച്ഛം, സർവത്ര പുച്ഛം. ഈ പുച്ഛം നിറഞ്ഞ അരാഷ്ട്രീയ മനോഭാവത്തിലേക്കാണ് സംഘപരിവാറിനെ പോലെയുള്ള ഭീകര സംഘടനകൾ അവരുടെ അജണ്ടകൾ കുത്തിനിറയ്ക്കുന്നത്. ജൻ സിയിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയനും രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും ഒരുപോലൊണ്, ആര് ജയിച്ചാലും അവർക്കൊരു പ്രശ്നവുമില്ല.
എന്നാൽ പിണറായി വിജയനും നരേന്ദ്ര മോദിയും ഒരിക്കലും ഒരുപോലെയാകില്ലെന്ന, രാഹുൽ ഗാന്ധിയുടെ നിലപാടും നരേന്ദ്ര മോദിയുടെ പ്രത്യയശാത്രവും ഒരുകാലത്തും യോജിച്ചു പോകില്ലെന്ന രാഷ്ട്രീയ വസ്തുത പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാൽ പരാജയമാകും ഫലം.
കർഷക പോരാട്ടങ്ങളെ കുറിച്ചോ, തൊഴിലാളി സമരങ്ങളെ കുറിച്ചോ, എന്തിന് സ്വാതന്ത്ര്യ സമരത്തെ കുറിച്ചോ നിങ്ങൾ ഈ വിഭാഗത്തോടൊരു ചോദ്യമെറിയൂ…ഉത്തരം അറിയില്ലെന്നോ,പുച്ഛമോ ആയിരിക്കും.
ഡെമോക്രസിയെക്കാൾ ബ്യൂറോക്രസിയെ പ്രണയിക്കുന്നവരും വലിയ വിഭാഗമുണ്ട്. സമൂഹത്തെ മുന്നോട്ടുചലിപ്പിക്കാനുള്ള ടൂൾ മാത്രമാണ് ജനാധിപത്യത്തിൽ ബ്യൂറോക്രാറ്റുകളെന്ന് ഇവരെന്നാണ് മനസിലാക്കുന്നത്?.
കേരളത്തെ പോലെ, നൂറു ശതമാനം സാക്ഷരതയുള്ള ഒരു സമൂഹത്തിൽ, രാഷ്ട്രീയ സാക്ഷരതയില്ലാതെ പോകുന്നത് അങ്ങേയറ്റം ദയനീയമാണ്. ഒരു ഷോയിൽ ചെന്നിരുന്ന്, എനിക്ക് രാഷ്ട്രീയമില്ലെന്നും, വോട്ട് ചെയ്യില്ലെന്നും പറയാൻ ധൈര്യം കാണിച്ച ആ പെൺകുട്ടി വളർന്നുവരുന്ന ദയനീയ തലമുറയുടെ പ്രതിനിധിയും. കേരള സർ, 100% ലിറ്ററസി സർ!