കൊച്ചി: എഐ കാമറകൾ സ്ഥാപിച്ചതോടെ റോഡപകടങ്ങളിൽ മരിക്കുന്ന വരുടെ എണ്ണം കുറഞ്ഞതായി സർക്കാർ ഹൈക്കോടതിൽ. എഐ കാമറ ഇടപാടിൽ അഴിമതിയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. എഐ കാമറ ഇടപാടിൽ ക്രമക്കേടുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹർജി രാഷ്ട്രീയ പ്രേരിതവുമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 3,366 അപകടങ്ങളിലായി 307 പേർ മരിച്ചപ്പോൾ ഈ ആഗസ്റ്റിൽ ഇത് 58 ആയി. അപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 4040 പേർക്കു പരിക്കേറ്റു. ഈ ആഗസ്റ്റിൽ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായത്. 1197 ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വരെ നിയമ ലംഘനങ്ങൾക്കായി 59,72,03,500 രൂപ പിഴ ചുമത്തിയെന്നും അറിയിച്ചു.
സേഫ് കേരള പദ്ധതിയെക്കുറിച്ച് മതിയായ വിവരങ്ങൾ ശേഖരിക്കാതെയും ഓട്ടമേറ്റഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ ലക്ഷ്യം മനസ്സിലാക്കാതെയുമാണ് ഹർജി നൽകിയിരിക്കുന്നത്. ആറ് വർഷത്തോളം ചർച്ചകളും മറ്റും നടത്തിയതിനു ശേഷമാണു പദ്ധതി നടപ്പാക്കിയത്. ശബരിമല സേഫ് സോൺ പദ്ധതി വിജയിച്ചതിന്റെ വെളിച്ചത്തിൽ 2017ൽ ഉദ്യോഗസ്ഥർ മുന്നോട്ടുവച്ച നിർദേശമാണ് കേരളത്തിലാകെ നടപ്പാക്കാൻ അനുമതി നൽകിയത്.