കോഴിക്കോട്: സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളിൽ ഒന്ന് ഇനി അറിയപ്പെടുക മലയാളിയായ ജ്യോതിശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖറിന്റെ പേരിൽ. അന്താരാഷ്ട്ര അസ്‌ട്രോണമിക്കൽ യൂണിൻ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജൂൺ 21-ന് യുഎസിലെ അരിസോണയിൽ നടന്ന ആസ്റ്ററോയിഡ് കോമറ്റ്സ് മെറ്റേഴ്സ് കോൺഫറൻസിലാണ് ഛിന്നഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം ഐഎയു നടത്തിയത്.
ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാശാസ്ത്രജ്ഞൻ എന്നാണ് അസ്‌ട്രോണമിക്കൽ യൂണിയൻ അശ്വിനെ പരിചയപ്പെടുത്തിയത്.
2000 ജൂണിൽ കണ്ടെത്തിയ നാലര കിലോമീറ്റർ വ്യാസമുള്ള മൈനർ പ്ലാനറ്റ് ഇനി ‘(33928) അശ്വിൻശേഖർ’ (‘(33928)Aswinsekhar’) എന്നാണ് അറിയപ്പെടുക. അശ്വിന്റെ പേരിട്ട ഛിന്നഗ്രഹത്തിന്റെ വിവരങ്ങൾ നാസയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ശ്രീനിവാസ രാമാനുജൻ, സിവി രാമൻ, സുബ്രഹ്‌മണ്യ ചന്ദ്രശേഖർ, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞരുടെ പേരിലും ഛിന്നഗ്രഹങ്ങൾ നാമകരണം ചെയ്തിട്ടുണ്ട്. 2014 ൽ ബ്രിട്ടനിലെ ബെൽഫാസ്റ്റിൽ ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി എടുത്ത പാലക്കാട് ചേർപ്പുളശ്ശേരി സ്വദേശിയായ അശ്വിൻ, നോർവെയിൽ ഓസ്ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ‘സെലസ്റ്റിയൽ മെക്കാനിക്‌സി’ൽ പോസ്റ്റ് ഡോക്ടറൽ പഠനം 2018 ൽ പൂർത്തിയാക്കി.
ഉൽക്കാ പഠന രംഗത്തെ സംഭാവനകൾ മുൻനിർത്തിയാണ് അശ്വിന് ഈ അംഗീകാരം നൽകിയതെന്ന് അസ്ട്രോണമിക്കൽ യൂണിയൻ വ്യക്തമാക്കി. പാരീസ് ഒബ്സർവേറ്ററിയിലെ സെലസ്റ്റിയൽ മെക്കാനിക്കൽ ഇൻസ്റ്റിട്ട്യൂട്ടിൽ ഉൽക്ക പഠന സംഘത്തിലെ അംഗമാണ് അശ്വിൻ.
ഛിന്നഗ്രഹങ്ങൾ ധുമകേതുക്കൾ, ഉൽക്കകൾ എന്നിവ സംബന്ധിച്ച അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിൽ സംഘടപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ അശ്വിനും പ്രഭാഷകനായിരുന്നു. ഈ സമ്മേളനത്തിലാണ് ഛിന്ന ഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം നടന്നത്.
ലണ്ടൻ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഫെലോയാണ് അശ്വിൻ. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയനിൽ പൂർണ വോട്ടവകാശം ഉള്ള അംഗവുമാണ് അദ്ദേഹം. അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലും ഇന്ത്യൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലും അശ്വിന് അംഗത്വമുണ്ട്.
അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിസ്കിസും ഒന്നിച്ചുചേർന്ന് നൽകുന്ന ‘ദാന്നി ഹൈനമാൻ പ്രൈസ്’ നിശ്ചയിക്കുന്ന ആറംഗ ജൂറിയിലാണ് അംഗമാണ് അശ്വിൻ. പാലക്കാട് ജില്ലയിലെ ചേർപ്പുളശ്ശേരിക്കടുത്ത് നെല്ലായ സ്വദേശിയാണ് അശ്വിൻ. ശേഖർ സേതുമാധവന്റെയും അനിത ശേഖറിന്റെയും മകനാണ് അശ്വിൻ.