തോപ്പിൽ ഭാസിക്ക് ആദരമർപ്പിച്ച് കേരള രാജ്യാന്തര ചലച്ചിത്ര മേള. തോപ്പിൽ ഭാസിയുടെ 100-ാം ജന്മവാർഷികം പ്രമാണിച്ചാണ് ലോകം ഉറ്റുനോക്കുന്ന ചലച്ചിത്ര വേദിയിൽ ആദരം ലഭിച്ചത്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി തോപ്പിൽ ഭാസി തിരക്കഥ എഴുതി പി. ഭാസ്‌കരൻ സംവിധാനം ചെയ്ത മൂലധനം എന്ന സിനിമ മേളയിൽ പ്രദർശിപ്പിക്കും. മൂലധനത്തിന്റെ പ്രദർശനം ഡിസംബർ 14 ന് രാത്രി എട്ടിന് ഏരിസ്പ്ലക്‌സ് സ്‌ക്രീൻ 4 ൽ നടക്കും. രാജ്യാന്തര ചലച്ചിത്ര വേദിയിൽ കേരളത്തിന്റെ വിപ്ലവ നായകനും നാടകാചര്യനുമായ തോപ്പിൽ ഭാസി അദരിക്കാനെടുത്ത തീരുമാനത്തെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗവുമായ എൻ അരുൺ സ്വാഗതം ചെയ്തു. തോപ്പിൽ ഭാസിയുടെ ഒർമ്മകൾക്ക് മലയാളികളുടെ മനസ്സിൽ എന്നും ഒരു സ്ഥാനമുണ്ടവും എന്നതിനു ഉത്തമ ഉദാഹരണമാണ് ഈ ആദരം എന്നും അദ്ദേഹം വ്യക്തമാക്കി.
തോപ്പിൽ ഭാസി എന്നറിയപ്പെടുന്ന തോപ്പിൽ ഭാസ്‌കരപിള്ള 1924 ഏപ്രിൽ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കേരളത്തിലെ അസഹിഷ്ണുതയ്ക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രമുഖനായിരുന്ന തോപ്പിൽ ഭാസി അസമത്വം, അനീതി, ജാതീയത തുടങ്ങിയവയെ തന്റെ എഴുത്തുകളിലൂടെ ചോദ്യം ചെയ്തു. 1954-ലെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന വിപ്ലവ നാടകം കേരള ജനതയിൽ വരുത്തിയ മാറ്റം അന്നത്തെ വരേണ്യ വർഗ്ഗം തിരിച്ചറിഞ്ഞതാണ്. മലയാള നാടക ചരിത്രത്തിലെ വഴിത്തിരിവായി മാറി. കെ.പി.എ.സിയെ കേരളത്തിലെ മുൻനിര നാടക പ്രസ്ഥാനമാക്കുന്നതിൽ തോപ്പിൽ ഭാസി വഹിച്ച പങ്കു വലുതാണ്. മുടിയനായ പുത്രൻ, പൊന്നി തുടങ്ങി നിരവധി സിനിമകളുടെ തിരക്കഥാകൃത്തും ഒരു സുന്ദരിയുടെ കഥ, യുദ്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ശരശയ്യ എന്ന ചിത്രത്തിന് 1971-ൽ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മൂലധനം എന്ന സിനിമയ്ക്ക് 1969-ൽ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.