Tuesday, January 21, 2025
spot_imgspot_img
HomeEntertainmentചെത്തുതൊഴിലാളികൾ തീർത്ത സമര​ഗാഥ; "നിന്ദിതരുടെ വീരഗാഥ" അരങ്ങിലെത്തുമ്പോൾ

ചെത്തുതൊഴിലാളികൾ തീർത്ത സമര​ഗാഥ; “നിന്ദിതരുടെ വീരഗാഥ” അരങ്ങിലെത്തുമ്പോൾ

സച്ചിൻ ബാബു

വിപ്ലവത്തിൻ്റെ ഇടിമുഴക്കമായ അന്തിക്കാട്ടെ ചെത്തുതൊഴിലാളി സമരഗാഥ ഇനി അരങ്ങിലേക്ക്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുൻപ് മോസ്കോ എന്നറിപ്പെടുന്ന അന്തിക്കാട് നടന്ന തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ ത്യാഗസുരഭിലമായ കഥയാണ് അരങ്ങിലെത്താൻ ഒരുങ്ങുന്നത്. രക്തരൂഷിതമായ കാലത്തേയും കൊലമുറി സമരത്തിനേയും നാടകത്തിലൂടെ ദൃശ്യവത്ക്കരിക്കുകയാണ് ഇപ്റ്റ. ആരോമലുണ്ണിയുടെ “നിന്ദിതരുടെ വീരഗാഥ” എന്ന പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ​ചരിത്രാന്വേഷണ പുസതകത്തെ അവലംബമാക്കിയാണ് നാം അറിയാതെ പോയ ഒരു തലമുറയുടെ അവകാശപോരാട്ടങ്ങളുടെ ജീവിത കഥ അരങ്ങിലെത്തുന്നത്.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ കേരളം നടത്തിയ സംഘടിത പോരാട്ടങ്ങൾ രാജ്യം നെഞ്ചിലേറ്റിയതായിരുന്നു. ആ പോരാട്ട ചരിത്രത്തിൽ അന്തിക്കാട്ടെ ചെത്തുതൊഴിലാളികൾ മുന്നിട്ടിറങ്ങി നടത്തിയ തൊഴിലാളി വർ​ഗ പോരാട്ടങ്ങളുടെ സ്ഥാനം വളരെ വലുതാണ്. അന്തിക്കാട്ടെ ചെത്തുതൊഴിലാളികൾ നടത്തിയ പോരാട്ടം പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന സന്ദേശത്തോടെയാണ് നാടകം അരങ്ങിലെത്തുക. ചെത്തുതൊഴിലാളി സമരം അന്തിക്കാട്ട് മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. കേരളത്തിലുടനീളം മുതലാളിത്തത്തിനെതിരെ നടന്ന പോരാട്ടങ്ങൾക്ക് തീ പകർന്ന സമരമായിരുന്നു ചെത്തുതൊഴിലാളി സമരം. ഈ സമരം കേവലം ചെത്തുതൊഴിലാളികൾ ജീവിക്കാൻ വേണ്ടി നടത്തിയ സമരമായിരുന്നില്ല. ആ കാലഘട്ടത്തിൽ നിലന്നിരുന്ന എല്ലാ തരത്തിലുള്ള വ്യവസ്ഥിതികളെയും വെല്ലുവിളിക്കുന്ന വിധത്തിലുള്ള പോരാട്ടമായിരുന്നു അന്തിക്കാട്ടിന്റെ മണ്ണിൽ പിറവികൊണ്ടത്. നാം കടന്നുവന്ന കെട്ടക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി പൊരുതി. ആ പോരാട്ടങ്ങളാണ് ഇന്ന് കാണുന്ന വിധം സർവ്വ സ്വാതന്ത്ര്യമുള്ള തൊഴിലിടങ്ങൾ പിറക്കുന്നതിലേക്ക് നയിച്ചത്. ഇന്ന് തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പലതും ആ കർമ്മ ധീരരായ തൊഴിലാളിവർ​ഗം ജീവൻ കൊടുത്തും സമരം ചെയ്തും നേടിത്തന്നതാണ്.

ആ സമരചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ഏറ്റവും പ്രയാസകരമായ ദൗത്യമാണ് ഇപ്റ്റ ഏറ്റെടുത്തിരിക്കുന്നത്. ഇരുപത്തിനാല് രക്തസാക്ഷിത്വങ്ങൾ ,ചെത്തുതൊഴിലാളി സമരത്തിന്റെ ഭാ​ഗമായി പലയിടങ്ങളിലായി നടന്ന പോരാട്ടങ്ങൾ എന്നിവയെല്ലാ ഒരു ക്യൻവാസിൽ അരങ്ങിലെത്തിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. ഇത് പ്രേഷകർ എങ്ങനെ ഏറ്റെടുക്കും എന്നത് അണിയറ പ്രവർത്തകരെ സംബന്ധിച്ച് ഒരു വിഷയം തന്നെയാണ്. എന്നാൽ അതിലുപരി ആ കാലഘട്ടത്തോടും ആ സമരത്തോടും നീതിപുലർത്താൻ കഴിയുകയെന്നത് ആ നാടക കളരിയിലെ ഒരോരുത്തരുടെയും ഉത്തരവാദിത്തമായി മാറി. അതുകൊണ്ട് തന്നെ അന്ന് നടന്ന സമരങ്ങളത്രയും അതേപടി പുനസൃഷ്ടിക്കാനാണ് അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നത്. അതുതന്നെയാണ് ആ വിപ്ലവകാരികളുടെ പാദം പതിഞ്ഞ അന്തിക്കാടിന്റെ മണ്ണിൽ തന്നെ ആദ്യ പ്രദർശനം നടത്തണം എന്ന തീരുമാനത്തിലേക്ക് ഇപ്റ്റ എത്തുന്നത്. ഈ ചരിത്ര സത്യങ്ങൾ മൺമറഞ്ഞ് പോകാനുള്ളതല്ല. പുതുതലമുറയിലേക്ക് പകർന്ന് നൽകേണ്ടതാണ്. നമ്മുടെ നാടിന്റെ അതിർത്തികൾ അത്രയും കെട്ടിപ്പൊക്കിയതിനു പിന്നിൽ ഒരായിരം പോരാട്ടങ്ങളുടെയും നിരവധി ജീവത്യാഗങ്ങളുടെയും പിൻബലമുണ്ട്. ആ ത്യാ​ഗങ്ങൾ വെറുതെ ആവരുത്. അവരിൽ ഇന്നും ജീവിച്ചിരിക്കുന്നവരും അവരുടെ ബന്ധുക്കളും ഉണ്ട്. അവരെല്ലാവരിൽ നിന്നും പകർന്നു കിട്ടിയ അറിവുകളാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ആ ധീരദേശാഭിമാനികളുടെ ജീവിതം പുതു തലമുറ അറിയാതെ പോകുന്നുണ്ട്. അത്തരം ഒരു സന്ദർഭത്തിലാണ് “നിന്ദിതരുടെ വീരഗാഥ” എന്ന നാടകത്തിലേക്ക് ഇപ്റ്റ എത്തിച്ചേരുന്നത്.

ഇപ്റ്റയുടെ സംസ്ഥാന നേതൃത്വത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് നടന്ന ശിൽപശാലയിലാണ് മേഖല അടിസ്ഥാനത്തിൽ കലാ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകി ട്രൂപ്പുകൾ രൂപീകരിക്കാൻ ഇപ്റ്റ തീരുമാനിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ ജില്ലയിൽ നടന്നിട്ടുള്ള ജനകീയ സ്വഭാവവുമുള്ള വിഷയങ്ങൾ ഉൾക്കൊള്ളിച്ച് വേണം നാടകം അരങ്ങിലെത്താനെന്ന് ഇപ്റ്റയുടെ തൃശൂർ ജില്ലാ നേതൃത്വം തീരുമാനമെടുത്തിരുന്നു. അങ്ങനെയാണ് ആരോമലുണ്ണി എഴുതിയ നിന്ദിതരുടെ വീര​ഗാഥ എന്ന നോവലിനെ ഇതിവൃത്തമാക്കി ആ സമര ചരിത്രത്തെ നാടകമാക്കുകയായിരുന്നു. ചെത്തുതൊഴിലാളി സമരത്തിൽ ഏറെ ചർച്ചചെയ്യേണ്ട സമരമാണ് കൊലമുറി സമരം. പുതു തലമുറയിലെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് കൊലമുറി സമരം.

കൊലമുറി സമരം

ആയിരത്തിത്തൊളളായിരത്തി നാൽപത്തിരണ്ടിലാണു ചെത്തു തൊഴിലാളി യൂണിയൻ അന്തിക്കാട്ടു രൂപീകൃതമായത്. ജോർജ് ചടയംമുറി വന്നാണ് ഇവിടെ യൂണിയൻ രൂപീകരിച്ചത്. കെ.പി. പ്രഭാകരൻ, കെ.ജി. കേളൻ, ടി.ഡി. ഗോപി മാഷ്, എൻ.സി. ശങ്കരൻ എന്നിവരായിരുന്നു സ്ഥാപകർ. രക്ത രൂഷിതമായ സമരത്തിന് അന്തിക്കാടു വേദിയായി. കൊലമുറി സമരം എന്നാണ് അത് അറിയപ്പെടുന്നത്. ചെത്തു തൊഴിലാളി പണിമുടക്കിനെ ബ്രിട്ടീഷുകാരും കോൺഗ്രസിലെ കരിങ്കാലികളും ചേർന്നു തോൽപ്പിക്കാൻ ശ്രമിച്ചു. മോസ്കോ ജം​ഗ്ഷനിലാണ് ചെത്തു തൊഴിലാളി ഓഫിസ്. സമരകാലത്ത് അതു പൊലീസ് പൂട്ടി. അതു തുറക്കാൻ വേണ്ടി പാർട്ടി ഓരോ വോളന്റിയേഴ്സിനെ നിയോഗിച്ചു. പൊലീസുകാർ അവരെ കൊണ്ടു പോയി ക്രൂരമായി മർദിക്കും. അങ്ങനെയാണ് ഇരുപത്തിയൊന്നു പേർ കൊല്ലപ്പെട്ടത്.

യൂണിയൻ അവരെ സാക്ഷരരാക്കി. അവരെ അക്ഷരവും രാഷ്ട്രീയവും പഠിപ്പിച്ചു. കാന്തലോട്ടു കുഞ്ഞമ്പുവിന്റെ ഭാര്യ യശോദ ടീച്ചർ ഇവിടെ വന്നു താമസിച്ചു പഠിപ്പിച്ചു. യശോദ ടീച്ചർ സ്ത്രീകളെ സൈക്കിളോടിക്കാൻ പഠിപ്പിച്ചു. അന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കു സുരക്ഷിതമായി ഒളിവിലിരിക്കാവുന്ന ഇടമായിരുന്നു അന്തിക്കാട്. ഇന്നും ആ കമ്മ്യൂണിസ്റ്റ് പാരമ്പര്യം ഇവിടെ കാത്തു സൂക്ഷിക്കാൻ സാധിക്കുന്നു.

പുതുതലമുറയിലെ കേരളത്തിലെ പ്രശസ്തരായ അമേച്വർ നാടക സംവിധായകരും, അണിയറ പ്രവർത്തകരും കൈകോർക്കും. സമരത്തിന് വേദിയായ അന്തിക്കാട് തന്നെയാണ് നാടകത്തിന് അരങ്ങൊരുക്കുന്നത്. ആരോമലുണ്ണിയുടെ ടെക്സ്റ്റിൽ നിന്നു കൊണ്ട് സംഭവബഹുലമായ നിരവധി പോരാട്ടങ്ങളും, ജീവിതാനുഭവങ്ങളും നാടകത്തിൽ ഇപ്റ്റ കൂട്ടി ചേർക്കുന്നുണ്ട്. ജനുവരിയിൽ വിപുലമായ ജനകീയ സംഘാടകസമിതി ചേർന്നാണ് ക്യാമ്പിൻ്റെ ഏകോപനം. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന പ്രൊഡക്ഷനിൽ പുതുതലമുറയിലെ നിരവധിപേർക്ക് അഭിനയിക്കാനും സാങ്കേതിക സങ്കേതങ്ങളുടെ ഭാഗമാകാനും അവസരം നൽകാനാണ് തീരുമാനം.കേരളത്തിലെ നിരവധി കേന്ദ്രങ്ങളിലും ഇപ്റ്റയുടെ നേതൃത്വത്തിൽ നാടകം അവതരിപ്പിക്കാൻ വേദിയൊരുക്കും.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares