ഇരുങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിന് നികുതി കുടിശ്ശിക അടിയന്തിരമായി പിരിച്ചെടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ കെ സമദ് ആവശ്യപ്പെട്ടു. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ നിരന്തരമായി കേന്ദ്ര സർക്കാർ അവഗണിക്കുകയും സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുകയും ക്ഷേമ പദ്ധതികൾക്ക് കടിഞ്ഞാണിടുകയും വികസന പ്രവർത്തനങ്ങൾക്ക് തടയിടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, നികുതി കുടിശികയുളളവരെ കൊണ്ട് അടിയന്തരമായി അത് തിരിച്ച് അടയ്പ്പിക്കണമെന്നും അതേസമയം നികുതി തിരിച്ചടയ്ക്കാൻ ശേഷിയില്ലാത്തവരുടെയും നിർധനരായവരുടെയും നികുതി ഒഴുവാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ പി സന്ദീപ് സംഘടന ക്ലാസ്സ് നയിച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. സെക്രട്ടറി ടി വി വിബിൻ സ്വാഗതം പറഞ്ഞു. എഐവൈഎഫ് ജില്ല സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ എസ് ജയ, മണ്ഡലം സെക്രട്ടറി പി മണി, അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, സ്വപ്ന നജിൻ തുടങ്ങിയവർ സംസാരിച്ചു. പി ആർ അരുൺ രക്തസാക്ഷി പ്രമേയവും വിഷ്ണു ശങ്കർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ക്യാമ്പിന്റെ ലീഡറായി പി എസ് ശ്യാംകുമാറും ഡെപ്യൂട്ടി ലീഡറായി സ്വപ്ന നജിനും പ്രവർത്തിച്ചു.
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയായി ടി വി വിബിനേയും പ്രസിഡന്റായി പി എസ് കൃഷ്ണകുമാറിനേയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി പി ആർ അരുൺ, വിഷ്ണുശങ്കർ, വൈസ് പ്രസിഡന്റുമാരായി സി സി സന്ദീപ്, ഗാവരേഷ് എന്നിവരെ തിരഞ്ഞെടുത്തു.