‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശുപാർശക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതോടുകൂടി, 2026 ലെ ഇലക്ഷനിലേക്കാണ് രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയം നടപ്പിലാക്കാൻ ബിജെപി സർക്കാർ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പോടെ ഇനി ഭരണതലപ്പത്ത് പ്രതിഷ്ഠ നേടാൻ ബിജെപിക്ക് സാധിക്കില്ല എന്ന ഭയാശങ്കകളാണ് ഒടുവിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശുപാർശവരെ എത്തിനിൽക്കുന്നത്. ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളുമായി മുന്നോട്ടുപോവാനാണ് ബിജെപി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
2021 ലാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശം ഉയരുന്നത്. അത് നിയമമന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിലുള്ള സമിതി പരിശോധിക്കുകയും തുടർന്ന് ഇക്കാര്യത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ പറയുന്ന കാര്യങ്ങൾകേട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് സമിതി കഴിഞ്ഞ മാർച്ചിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചിരുന്നു.
രാജ്യത്തെ 47 രാഷ്ട്രീയ പാർട്ടികളുമായി സമിതി ഇക്കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. അതിൽ എൻഡിഎയുടെ സഖ്യകക്ഷികളടക്കമുള്ള 32 രാഷ്ട്രീയ പാർട്ടികൾ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണയ്ക്കുകയും 15 പാർട്ടികൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഫെഡറൽ സംവിധാനത്തെയും ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളെയും അട്ടിമറിക്കാനുമുള്ള ശ്രമമാണ് ബിജെപി ഇതിലൂടെ നടത്താനുദ്ദേശിക്കുന്നതെങ്കി രാജ്യത്തെ പൗരൻമാർ അതിനെ ഭയത്തോടെ വേണം നോക്കിക്കാണാൻ.
എല്ലാ നിയമസഭകളുടെയും കാലാവധി ഒരിക്കലും ഏകീകൃതമല്ല എന്നത് സുനിശ്ചിതമായിരിക്കെ, കാലാവധി പൂർത്തിയാക്കാത്ത സർക്കാരുകളെ വിശേഷിച്ചും ബിജെപി ഇതര സർക്കാരുകളെ പിരിച്ചുവിടുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട അപകടം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും ജനപിന്തുണയും ഇല്ലാതാക്കുകയും കേന്ദ്ര (യൂണിയൻ) ഭരണമുപയോഗിച്ച് സർവാധികാരം സ്ഥാപിക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുകയാണെങ്കിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനായിരിക്കും ഫലത്തിൽ പ്രാമുഖ്യം ലഭിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ ഭരണ നേട്ടങ്ങളെ നിഷ്പ്രഭമാക്കാൻ കേന്ദ്രത്തിനു കഴിയും.