ടി കെ മുസ്തഫ
സിപിഐ ദേശീയ കൗൺസിലിൽ സംസ്ഥാന ഘടകം ചാറ്റ് ജിപിടി ഉപയോഗിച്ച് റിപ്പോർട്ട് ട്രാൻസിലേറ്റ് ചെയ്ത് അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ടർ ചാനലിലെ പ്രമുഖ ‘പൊളിറ്റിക്കൽ റിപ്പോർട്ടർ’ ആർ ശ്രീജിത്തിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ട് ടിയാൻ വളരെ ആനന്ദതുന്തിലനായി അവതരിപ്പിക്കുന്നുമുണ്ട്. കംപ്യൂട്ടറിനെ എതിർത്ത പാർട്ടി ചാറ്റ് ജിപിടിയെ ഉപയോഗിച്ചു എന്നും പറഞ്ഞു തുള്ളിച്ചാടുന്ന റിപ്പോർട്ടർ, കാവ്യാത്മകമായാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. തനിക്ക് പാർട്ടിയിൽ നിന്ന് ചോർത്തി കിട്ടിയ വിവരമാണെന്നും പുള്ളിക്കാരൻ തള്ളിവിടുന്നുണ്ട്. ഇതുകേട്ട്, പ്രമുഖ സംഘ് പരിവാർ അവതാരക സുജയ പാർവതി ആവേശഭരിയാകുന്നു.
എന്നാൽ, ആർ ശ്രീജിത്തിന് എന്തെങ്കിലും ചരിത്ര ബോധമുണ്ടോ? സിപിഐ കമ്പ്യൂട്ടറിനെ എതിർത്തതിന് തെളിവുണ്ടോ? തിരുവനന്തപുരത്ത് കെൽട്രോൺ സ്ഥാപിച്ച സി അച്യുത മേനോൻ എന്ന നേതാവിനെ റിപ്പോർട്ടറിന്റെ ഈ പൊളിറ്റിക്കൽ റിപ്പോർട്ടർക്ക് അറിയാമോ? 1980 മുതലാണ് രാജ്യത്ത് ബാങ്കിംഗ് മേഖലയിൽ വ്യാപകമായി കമ്പ്യൂട്ടർ വത്കരണം നടക്കുന്നത്. ബിഎംഎസിന്റേയും ഐ എൻ ടി യു സി യുടേതുമടക്കം രാജ്യത്തെ ഒട്ടു മിക്ക ബാങ്കിംഗ് ട്രേഡ് യൂണിയനുകളും ബാങ്കിംഗ് മേഖലയിൽ കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി അന്ന് സമര രംഗത്ത് വന്നതിനെ സമർത്ഥമായി മറച്ചു പിടിച്ച് കൊണ്ടാണ് മാധ്യമ പ്രവർത്തനത്തെ തങ്ങളുടെ വർഗ്ഗ താൽപര്യങ്ങൾക്കടിസ്ഥാനപ്പെടുത്തി വാർത്തകൾ സൃഷ്ടിക്കുന്നതിനായി ദുരുപയോഗം ചെയ്യുന്നത് ‘റിപ്പോർട്ടർ’.
നിലവിൽ ജോലി ചെയ്യുന്നവരെ പിരിച്ചു വിട്ട് കൊണ്ടുള്ള കമ്പ്യൂട്ടർ വത്കരണം അഭിലഷണീയമല്ലെന്നും തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമേ തീരുമാനം നടപ്പാക്കാവൂ എന്നുമാണ് അന്ന് ചില ഇടത് പക്ഷ യൂണിയനുകൾ ആവശ്യപ്പെട്ടത്. സി പി ഐ യുടെ ‘ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാ’കട്ടെ നിയന്ത്രണങ്ങളോട് കൂടി തൊഴിൽ ലഘുകരിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടർ വേണമെന്ന നിലപാടാണ് സ്വീകരിച്ചത്.
അന്ന് ‘കമ്പ്യൂട്ടർ വേണ്ടേ വേണ്ടെ’ന്ന് മുദ്രാവാക്യം മുഴക്കിയ യൂണിയൻ ബി എം എസ് ആണെ സത്യം നവ സാങ്കേതിക വിദ്യകളോടും അത് മൂലമുണ്ടാകുന്ന വികസനങ്ങളോടും പുറം തിരിഞ്ഞു നിൽക്കുന്നവരാണ് സി പി ഐ ക്കാരെന്ന ജൽപനം നടത്തുന്ന ശ്രീജിത്തും സുജയയും അറിഞ്ഞു കാണില്ല!ട്രാക്ടറിനെ എതിർത്തവർക്കിടയിലൂടെ ട്രാക്ടർ റാലി നടത്തിയ ചരിത്രമുള്ള ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സാങ്കേതിക വിദ്യകളെ പിന്തുണച്ചിട്ടേ ഉള്ളൂ. പിന്നെ മഞ്ഞക്കണ്ണട വെച്ച് നോക്കിയാൽ എല്ലാം മഞ്ഞയാണ്, അത് ചികിൽസിച്ച് മാറ്റേണ്ട അസുഖമാണ്.
1984 ദേശീയ കമ്പ്യൂട്ടർ വിരുദ്ധ വർഷമായി ആചരിക്കുകയും ദേശ വ്യാപകമായി കമ്പ്യൂട്ടർ തല്ലിപ്പൊളിക്കുകയും ചെയ്ത സംഘടനയുടെ പേര് ബി എം എസ് എന്നാണെന്നും 1998 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ വിഭാഗം കമ്പ്യൂട്ടർവത്കരണത്തിന്നെതിരെ കോൺഗ്രസ് അനുകൂല സംഘടന നടത്തിയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത് സാക്ഷാൽ ഉമ്മൻ ചാണ്ടിയാണെന്നും പാവങ്ങൾക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുമോ? അതൊന്നുമല്ല രസകരം, ചിരിച്ചു മണ്ണ് കപ്പാൻ ഉള്ള ഒരു വകുപ്പ് കൂടി ശ്രീജിത്ത് സർ നമുക്ക് നൽകുന്നുണ്ട്.
കമ്പ്യൂട്ടർ വിരുദ്ധ സമര കാലത്ത് പാർട്ടി ലഘു ലേഖകളിലും പ്രസിദ്ധീകരണങ്ങളിലും വന്ന വാചകമാണത്രേ ‘തൊഴിൽ തിന്നുന്ന ബകൻ’.ഏത് സി പി ഐ പ്രസിദ്ധീകരണത്തിലും ലഘു ലേഖയിലുമാണ് അങ്ങനെയൊരു പരാമർശം വന്നതെന്ന് തെളിയിക്കാമോ?’ തൊഴിൽ തിന്നുന്ന ബകൻ’ എന്ന ലേഖനം പ്രസിദ്ധീകരിച്ചത് സി പി ഐ ക്കാരാണെന്നാണ് റിപ്പോർട്ടറുടെ കണ്ടെത്തൽ. ഒന്നുകിൽ അജ്ഞത, അല്ലെങ്കിൽ മന :പൂർവ്വം സത്യത്തെ തമസ്‌കരിക്കൽ.അത്യന്തം സഹതാപാർഹം. ഇത് ജേർണലിസമല്ല ഒരു മാതിരി ജീർണലിസം ആയിപ്പോയെന്ന് വിനയ പൂർവ്വം ഉണർത്തുന്നു. തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തെ ശിഥിലമാക്കുകയും മുതലാളിത്ത അജൻഡകൾ സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുകയെന്ന ഹിഡൻ അജണ്ടയുടെ വക്താക്കളായി രാജ്യത്ത് മാധ്യമങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്.
അത് കൊണ്ടാണ് ഭരണകൂട – കോർപ്പറേറ്റ് രാഷ്ട്രീയ താൽപര്യങ്ങൾക്കനുഗുണമായ ചിന്താഗതി പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പാർട്ടിയെ സമൂഹമദ്ധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള ബോധപൂർവ്വവും സംഘടിതവുമായ നീക്കങ്ങൾ ഇവർ നടത്തുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ നിയന്ത്രണാധികാരം വാർത്തകളുടെ ഉള്ളടക്കത്തേയും സ്വഭാവത്തേയും നിയന്ത്രിക്കപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക വിധേയത്വം ഊഹിക്കാവുന്നതേ ഉള്ളൂ! ഏതായാലും സി പി ഐ ക്കെതിരെ ശ്രീജിത്ത് സാറും സുജയ മാഡവും പടച്ചു വിട്ട നട്ടാൽ കുരുക്കാത്ത നുണകൾ ഞങ്ങൾക്ക് ഊറിച്ചിരിക്കാനുള്ള വക ധാരാളം നൽകിയിരിക്കുന്നു എന്ന് പറയാതെ നിവൃത്തിയില്ല.