ഭരണഘടനയിൽ രാമന്റെ ചിത്രമുണ്ടെന്ന് പറഞ്ഞ് സംഘപരിവാർ പ്രചാരണം കാലങ്ങളായി നടക്കുന്നതാണ്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങു നടക്കുന്ന സമയത്ത് ജനാധിപത്യ, മതേതര വിശ്വാസികൾ ഭരണഘടനയുടെ ആമുഖം സമൂഹ മാധ്യമങ്ങളിൽ പ്രരപിച്ചിരുന്നു. ഇതിന് ബദലായി ഭരണഘടനയിലെ ഭാഗം മൂന്നിൽ നൽകിയിരിക്കുന്ന രാമന്റേയും സീതയുടേയും ലക്ഷ്മണന്റേയും ചിത്രം ഉയർത്തിക്കാട്ടിയാണ് സംഘപപരിവാർ പ്രചാരണം നടത്തിയത്. എന്നാൽ, ഭരണഘടയിൽ രാമന്റെ ചിത്രം മാത്രമാണോ ഉള്ളത്? അല്ലെന്നാണ് ഭരണഘടന വായിച്ചവർക്കും ഈ രാജ്യത്തിന്റെ ചരിത്രം പഠിച്ചവർക്കും മനസ്സിലാക്കാൻ സാധിക്കുക. സംഘപരിവാറിന് അറിയാത്ത, പഠിക്കാൻ ശ്രമിക്കാത്ത ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാം.
ശാന്തിനികേതനിലെ പ്രമുഖചിത്രകാരനായ നന്ദലാൽ ബോസും അദ്ദേഹത്തിന്റെ ശിഷ്യരും വരച്ച ഭരണഘടയിലെ ചിത്രങ്ങളിൽ രാമനും ലക്ഷ്മണനും മാത്രമല്ല ഉള്ളത്. പുറം ചട്ടമുതൽ അനേകം ചിത്രങ്ങൾ ഭരണഘടനയിലുണ്ട്. ഭാഗം നാലിൽ ശ്രീകൃഷ്ണനും അർജുനനുമുണ്ട്, ഭാഗം അഞ്ചിൽ ബുദ്ധനുണ്ട്, ഭാഗം ആറിൽ മഹാവീരനുണ്ട്, ഭാഗം 14ൽ അക്ബർ ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ ന്യായ സദസ്സിന്റെയും ചിത്രം വരച്ചുവച്ചിട്ടുണ്ട്. ഭാഗം 16ൽ ടിപ്പു സുൽത്താനും ത്സാൻസി റാണിയുമുണ്ട്. മഹാത്മാ ഗാന്ധി, ഗുരു ഗോവിന്ദ് സിങ്, ശിവജി, സുഭാഷ് ചന്ദ്ര ബോസ് എന്നിവരും ചിത്രങ്ങളായി ഭരണഘടനയിലുണ്ട്. പുറംകവറിൽ അജന്ത ഗുഹയിലെ തല തിരിഞ്ഞ ത്രികോണമുണ്ട്. പേജുകളുടെ ബോർഡറായുള്ളത് മുഗൾ മിനിയേച്ചറുകളാണ്.
മതേതരവാദികളായ ഹിന്ദുക്കളുടെ മനസ്സിലെ രാമനെ രാഷ്ട്രീയ രാമനാക്കി മാറ്റാനുള്ള സംഘപരിവാർ നീക്കത്തെയാണ് മതേതര സമൂഹം എതിർത്തു തോൽപ്പിക്കാൻ ശ്രമിക്കുന്നത്. രാമൻ ചരിത്രപുരുഷനല്ല. രാമൻ ഇതിഹാസമാണ്. ഇതിഹാസവും ചരിത്രവും തമ്മിൽ അന്തരം വലുതാണ്. അത് മനസ്സിലാക്കാനുള്ള കഴിവ് ഇന്ത്യാ മഹാരാജ്യത്തെ മതേതര ജനാധിപത്യ സമൂഹത്തിനുണ്ട്. ആ കഴിവ് തകർത്ത് മതരാഷ്ട്രീയം കുത്തിനിറയ്ക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ ചെറുത്തുതോൽപ്പിക്കപ്പെടും.