Sunday, November 24, 2024
spot_imgspot_img
HomeOpinionഇസ്രയേലും ഹമാസും മാറിയ കാലത്തെ അറബ് സമവാക്യങ്ങളും

ഇസ്രയേലും ഹമാസും മാറിയ കാലത്തെ അറബ് സമവാക്യങ്ങളും

ടി കെ മുസ്‌തഫ വയനാട്

ലോകത്തിലെ ഏറ്റവും മികച്ചതും കിടയറ്റതുമായ ഇസ്രയേലിന്റെ ഇന്റലിജൻസ് പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട്
അയ്യായിരത്തിലേറെ മിസൈലുകളും ആയിരത്തിലധികം പോരാളികളും ചേർന്ന് ഗാസ ഇസ്രയേൽ അതിർത്തികളിലുടനീളം ഹമാസ് നടത്തിയ സംഘടിതവും ആസൂത്രിതവുമായ കടന്നാക്രമണത്തിന്റെയും അതേ തുടർന്നുള്ള ഇസ്രയേൽ പ്രത്യാക്രമണത്തിന്റെയും നടുക്കത്തിലാണ് ലോകം.

ഇസ്രയേലിന്റെ സമസ്ത പ്രതിരോധങ്ങളേയും മറികടന്നും ബുൾഡോസറുകൾ ഉപയോഗിച്ച് സുരക്ഷ വേലികൾ നിമിഷ നേരം കൊണ്ട് തകർത്തെറിഞ്ഞും മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചു കൊണ്ടും ലോകത്തെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനം ‘അയൺ ഡോം’ സിസ്റ്റം ഭേദിച്ചു കൊണ്ട് ‘ ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ് ‘ എന്ന പേരിൽ ഹമാസ് നടത്തിയ ആക്രമണം ഹോളോ ക്രോസ്റ്റിന് ശേഷമുള്ള ഏറ്റവും കൊടിയ ദുരന്തമായി വിലയിരുത്തിയിരിക്കുന്നു ഇസ്രയേൽ മാധ്യമങ്ങൾ.

2023 ജനുവരി 26ന് ഇസ്രയേൽ ബോർഡർ പൊലീസും സൈന്യവും വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പ് ആക്രമിച്ച് ഒമ്പതുപേരെ കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്, ഹമാസ് എന്നിവരെ ലക്ഷ്യംവച്ചുള്ള ആക്രമണമായിരുന്നു അന്ന് നടന്നത്.

2021ൽ കിഴക്കൻ ജറുസലേമിലെ ഡമാസ്കസ് ഗേറ്റ് പ്ലാസയിലേക്കുള്ള പ്രവേശനം ഇസ്രയേൽ തടഞ്ഞതിനെത്തുടർന്നുണ്ടായ ആക്രമണങ്ങളിൽ 250 പലസ്തീൻകാർ കൊല്ലപ്പെട്ടതിനുശേഷം പൊതുവേ ശാന്തമായിരുന്ന മേഖലയിൽ പ്രസ്തുത ആക്രമണത്തോടെ പുനരാരംഭിച്ച ഏറ്റുമുട്ടലുകളാണ് നിലവിലെ വലിയ സംഘർഷമായി രൂപപ്പെട്ടിട്ടുള്ളത്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധപ്രഖ്യാപനത്തെ തുടർന്ന് ആക്രമണത്തിന് തിരിച്ചടിയെന്നോണം ഗാസയ്ക്ക്മേൽ തീ തുപ്പുന്ന ഇസ്രായേൽ യുദ്ധ വിമാനങ്ങളുടെ ആക്രമണം അക്ഷരാർത്ഥത്തിൽ ഗാസയെ സംഘർഷ ഭരിതമാക്കിയിരിക്കുകയാണ്. ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെയും ഇസ്രായേൽ പ്രത്യാക്രമണങ്ങളിൽ മരണമടയുന്നവരുടെയും എണ്ണം ദിനം തോറും വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

ഗാസക്ക് നേരെയുള്ള കരയാക്രമണത്തിന് ഇസ്രായേൽ മൂന്ന് ലക്ഷം റിസർവ് സൈനികരെയാണ് സജ്ജരാക്കിയിട്ടുള്ളത്. ഗാസയിൽ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞുള്ള ഉപരോധത്തിന് തുടക്കമിട്ട ഇസ്രായേൽ നിലവിൽ പ്രസ്തുത പ്രദേശത്ത് കനത്ത വ്യോമാക്രമണം തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു എന്നാണ് ഈ ലേഖനം എഴുതിയ വേളയിൽ അറിയാൻ കഴിയുന്നത്. ആയുധ ധാരികളായ ഹമാസ് സംഘം ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. വ്യോമാക്രമണം തുടർന്നാൽ തങ്ങൾ ബന്ദികളാക്കിയവരെ വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. അതിനിടെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ സ്ഥിരീകരിക്കുന്നു.

വ്യോമാക്രമണത്തിൽ ഗാസയിൽ 700 ലേറെ പേർക്ക് ജീവൻ നഷ്ടമായെന്നും ആയിരക്കണക്കിനാളുകൾ അഭയാർത്ഥികളായി പാലായനം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ലെബനൻ മേഖലയും സംഘർഷ ഭരിതമായതും ഹിസ്ബുള്ള സംഘം ഇസ്രയേലിലേക്ക് വെടിയുതിർത്തതും വിഷയം വീണ്ടും സങ്കീർണ്ണമാക്കുന്നു.

വെള്ളിയാഴ്ച പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഹമാസ് സ്വാതന്ത്ര്യത്തിനും അതിജീവനത്തിനുമായുള്ള പോരാട്ടത്തിൽ പലസ്തീനൊപ്പം അണി ചേരാൻ ലോക ജനതയോട് ആഹ്വാനം ചെയ്തു. അതിനിടെ ഗാസക്കെതിരെ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്താനുള്ള ഇസ്രായേൽ നീക്കത്തെ അപലപിച്ച് യു എൻ രംഗത്ത് വന്നു.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പലസ്‌തീൻ ജനതയുടെ പോരാട്ട വീര്യത്തെ തീവ്രവാദമെന്ന് ആരോപിച്ച് അടിച്ചമർത്തുന്ന സയണിസ്റ്റ് മനോഭാവത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റകരമായ മൗനവും നിസ്സംഗതയുമാണ് നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന രാഷ്ട്രീയ സാമൂഹ്യ അരക്ഷിതാവസ്ഥയെ വർദ്ധിപ്പിക്കുന്നത് എന്നതാണ് സത്യം. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും സാമ്രാജ്യത്വ ശക്തികൾ നിർവചനം കുറിക്കുമ്പോൾ ഇരകളെ വക വരുത്തുന്ന വേട്ടക്കാരന്റെ ലാഘവത്തിന് മൗനാനുവാദം നൽകുകയും അമേരിക്ക അടക്കമുള്ളവർ ചുണ്ടിൽ വിരൽ വെച്ച് ‘വീറ്റോ’ കൽപ്പിക്കുമ്പോൾ ഏറാൻ മൂളാനുള്ള ലോക വേദിയായി മാറുകയും ചെയ്യുന്നു പലപ്പോഴും ഐക്യരാഷ്ട്രസഭ.

അതേ സമയം മാതൃ രാജ്യത്തിന് വേണ്ടിയുള്ള പലസ്തീൻ ജനതയുടെ ന്യായമായ അവകാശത്തെ ലോകമാസകലമുള്ള മനുഷ്യ സ്നേഹികൾ പിന്തുണക്കുമ്പോഴും ആക്രമിച്ചും ഉപരോധം സൃഷ്ടിച്ചുമുള്ള നിരന്തര പ്രകോപനത്തെ തുടർന്നുണ്ടാകുന്ന ചെറുത്ത് നിൽപ്പിന്റെ പേരിലാണെങ്കിൽ പോലും ഹമാസിന്റെ ഇടപെടലുകൾ ഇസ്രയേലിന് നിരപരാധികളെ കൊന്നൊടുക്കിയുള്ള വംശീയ ഉന്മൂലനത്തിനുള്ള അവസരമായി മാറുന്നുവോ എന്ന ആശങ്ക സ്വാഭാവികമായും നില നിൽക്കുന്നു!

ഹമാസിന്റെ കടന്നാക്രമണത്തെ ലക്ഷണമൊത്ത ഭീകര വാദമായും ഇസ്രയേലിന്റേത് സ്വാഭാവിക പ്രതികരണം മാത്രമായും വിലയിരുത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പശ്ചാത്യ ഭരണാധികാരികളിൽ നിന്ന് ഇതിനോടകം ഉയർന്നു കഴിഞ്ഞു.

അമേരിക്ക, ബ്രിട്ടൻ,ഫ്രാൻസ്, ജർമനി തുടങ്ങി പ്രമുഖ പശ്ചാത്യ രാജ്യങ്ങളുടെയെല്ലാം പിന്തുണ പതിവ് പോലെ ഇസ്രയേലിനുണ്ട്. ഇസ്രയേലിന്‌ പിന്തുണയുമായി പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കാൻ ഉത്തരവിട്ട അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഇസ്രയേൽ പ്രത്യാക്രമണത്തെ ഭീകരതക്കെതിരായ ചെറുത്ത് നിൽപ്പായാണ് വിശേഷിപ്പിച്ചത്.

ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണെന്നും തിരിച്ചടിക്ക് ഇസ്രയേലിന് അധികാരമുണ്ടെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ട്, ബെൽജിയം വിദേശകാര്യ മന്ത്രി ഹാജ ലബിബ് തുടങ്ങിയവരും ഹമാസ് നടപടിയെ അപലപിച്ചും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തി.

ഇന്ത്യൻ പ്രധാന മന്ത്രിയാകട്ടെ രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തെയും ചേരി ചേരാ നയത്തെയും കാറ്റിൽ പറത്തിക്കൊണ്ടാണ് ഇസ്രായേൽ ദാസ്യം പരസ്യമായിത്തന്നെ പ്രകടമാക്കിയത്. അതേ സമയം ഇസ്രയേലിനെതിരെയുള്ള ഹമാസ് ആക്രമണം രക്ത രൂക്ഷിതമായ ഏഴരപ്പ തിറ്റാണ്ടിനിടയിലെ വിഭജനത്തിന്റെയും അധിനി വേശത്തിന്റെയും ആക്രമണത്തിന്റെയും ഫലമായുള്ള സ്വാഭാവിക പ്രത്യാക്രമണമാണെന്ന വാദഗതിയും ഉയരുന്നു.

ഇറാൻ പരമോന്നത നേതാവിന്റെ ഉപദേശകൻ റഹിം സഫാവി ഹമാസ് പോരാളികളെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഉക്രൈൻ യുദ്ധത്തിൽ റഷ്യക്ക് ആയുധങ്ങളും സൈനിക സഹായങ്ങളും ലഭ്യമാക്കുന്നത് നിമിത്തമാകാം ഇരു പക്ഷവും സംയമനം പാലിക്കണമെന്നും സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നുമുള്ള പ്രസ്ഥാവന റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായത്. തുർക്കിയും സമാന രീതിയിലാണ് പ്രതികരിച്ചത്.

ഇറാൻ, ഹൂതികൾ, ഹിസ്‌ബുള്ള, സിറിയ എന്നിവരുടെ സഹായവും തുർക്കിയുടെയും റഷ്യയുടെയും പിന്തുണയും ഖത്തറിന്റെ സാമ്പത്തിക സഹായങ്ങളും ഒത്തു ചേർന്ന സാഹചര്യത്തിൽ ഹമാസ് കൂടുതൽ കരുത്താർജ്ജിക്കുന്നതായാണ് കാണുന്നത്. സുന്നി നിലപാടുകളുള്ള ഹമാസും ഷിയ പക്ഷത്തുള്ള ഹിസ്‌ബുള്ളയും ആശയപരമായി വ്യത്യസ്ത ധ്രുവങ്ങളിലെങ്കിലും ഭിന്നത മറന്നുള്ള യോജിപ്പ് പ്രകടമാണെന്നതും ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. അമേരിക്ക മുൻ കയ്യെടുത്ത് ഈയിടെ യാഥാർഥ്യമാക്കിയ ഇറാൻ- സൗദി അറേബ്യ സമാധാന പ്രക്രിയക്ക് പുതിയ മാനം കൈ വന്നേക്കാം! നിലവിൽ യു എ ഇ,ജോർദാൻ, ഈജിപ്ത്, സൗദി എന്നീ രാജ്യങ്ങളെല്ലാം തന്നെ ഇസ്രയേലിനെ പരോക്ഷമായി പിന്തുണക്കുന്നവരാണ്.

പ്രവചനാതീതമാകുന്ന രാഷ്ട്രീയ സമ വാക്യങ്ങൾ പിറന്ന നാട്ടിൽ അഭയാർത്ഥികളാക്കപ്പെട്ട ഒരു ജനതയുടെ അതിജീവന പോരാട്ടത്തെ എങ്ങനെ സ്വാധീനിക്കും എന്നതാണ് വർത്തമാന ലോകം ഉറ്റു നോക്കുന്നത്!

1948 ലെ ‘നഖ്ബ’ എന്ന് വിളിക്കുന്ന പലസ്തീനികളുടെ പാലായനത്തിന് ശേഷം യു എൻ രക്ഷ സമിതിയുടെ ഒന്നിലധികം പ്രമേയങ്ങളോടും അന്താരാഷ്ട്ര നിയമ വ്യവസ്ഥകളോടുമുള്ള ഇസ്രായേലിന്റെ നിഷേധാത്മക സമീപനം ഇനിയും ആവർത്തിക്കപ്പെടുകയാണെങ്കിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളിൽ പ്രസ്തുത രാഷ്ട്രീയ സമ വാക്യങ്ങൾ എപ്രകാരമായിരിക്കും നിർണ്ണായകമാവുക എന്നതും പ്രധാനമാണ്!

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares