ജെസ്‌ലോ ഇമ്മാനുവൽ ജോയ്
നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നത് വംശനാശം സംഭവിക്കുന്ന ഒന്നാണ്. Journalistic Objectivity എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ഈ ആശയം, മാധ്യമ പ്രവർത്തനം ഇടത് – വലത് രാഷ്ട്രീയ പക്ഷപാതമില്ലാതെ വസ്തുതകളെ മുൻനിർത്തി കൊണ്ട് നടത്തണം എന്ന് നിഷ്‌കർഷിക്കുന്നു. പക്ഷേ രണ്ട് തരത്തിലുള്ള മാധ്യമ പ്രവർത്തനങ്ങളാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത് ഒന്ന് കൃത്യമായി രാഷ്ട്രീയം വലതാണോ – ഇടതാണോ എന്ന് കൃത്യമായി പറഞ്ഞ് കൊണ്ട് വാർത്തകൾ കൊടുക്കുന്നവ, അവർ അവരുടെ ചായ്വ് എങ്ങോട്ടാണ് എന്ന് പരസ്യമായി വെളിപ്പെടുത്തുന്നു. നിഷ്പക്ഷ പ്രവർത്തനത്തിന്റെ പൊയ് മുഖം അണിഞ്ഞ് തങ്ങളുടെ മേലാളന്മാരുടെ സ്ഥാപിത താൽപര്യങ്ങൾ ഒളിച്ച് കടത്തുന്ന കാപട്യക്കാരാണ് മറ്റൊരു വിഭാഗം.
പലസ്തീൻ – ഇസ്രയേൽ വിഷയത്തിൽ ഈ രണ്ടാം വിഭാഗക്കാരിൽ പെട്ട ബിബിസിയുടെ ‘ മാധ്യമ ധർമ്മ ‘ ഇരട്ടത്താപ്പിനെ കൃത്യമായും ശക്തമായും ചൂണ്ടി കാണിക്കുകയാണ് യുകെയിലെ പലസ്തീൻ മിഷന്റെ തലവനും, സ്ഥാനപതിയുമായ ഹുസാം സുംലോട്. ഹമാസ് തീവ്രവാദികളുടെ ആക്രമണങ്ങൾ അപലപിക്കുന്നുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ, പലസ്തീനിയൻ സർക്കാരല്ല ഹമാസ് എന്ന് പറയുന്ന ഹുസാം, ഇസ്രയേൽ സർക്കാരിന്റെ ഭാഗമായുള്ള സൈന്യം ഇതേ രീതിയിൽ സാധാരണ ജനങ്ങൾക്ക് നേരെയും കുട്ടികൾക്ക് നേരെയും ആക്രമണങ്ങൾ നടത്തുന്നതിനെ മാധ്യമങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നു എന്ന് തുറന്നടിക്കുന്നു.
അസമാമായ ഇരു ഭാഗങ്ങളെയും തുല്യമാക്കി കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. പാലസ്തീൻ സർക്കാരിന്റെ നയം ഇരു ഭാഗങ്ങളും തമ്മിലുള്ള കാലാകാലങ്ങളായുള്ള അടികളും തിരിച്ചടികളും അവസാനിപ്പിച്ച് സമാധാനത്തിൽ എത്തണം എന്നാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. പലസ്തീനിയൻ സ്ഥാനപതി സൂചിപ്പിക്കുന്ന മറ്റൊരു വസ്തുത ബിബിസി എന്ന സ്ഥാപനം അവരുടെ അഭിമുഖ ചർച്ചകളിൽ നടത്തി പോരുന്ന ഇരട്ടത്താപ്പിനെ കുറിച്ചാണ്. ഇസ്രയേൽ പ്രതിനിധികളെ ചർച്ചകളിലേക്ക് വിളിക്കുമ്പോൾ ഇസ്രയേൽ സൈന്യം ചെയ്യുന്ന അക്രമ സംഭവങ്ങളെയും നിർബന്ധിത കുടിയേറ്റങ്ങളെയും അപലപിക്കപ്പെടേണ്ട ഒന്നല്ല എന്ന രീതിയിൽ ചർച്ച നടത്തുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുമ്പോൾ, പലസ്തീനിയൻ പ്രതിനിധിയോടുള്ള ആദ്യത്തെ ചോദ്യം തന്നെ ഹമാസിനെ അപലപിക്കുന്നുണ്ടോ എന്നാണ്.
ബിബിസി അടക്കമുള്ള മുൻ നിര മാധ്യമങ്ങൾ എഴുപത്തി അഞ്ച് വർഷങ്ങളായി എന്നും ശ്രമിക്കുന്നത് പലസ്തീൻ വിരുദ്ധ പക്ഷം പിടിച്ച് ഇസ്രയേലിൽ ആക്രമണങ്ങൾ ഉണ്ടാകുമ്പോളും അവരെ ബന്ദികളാക്കി വയ്ക്കുമ്പോളും മാത്രം ശബ്ദിക്കുന്ന, എന്നാൽ വെസ്റ്റ് ബാങ്കിലും മറ്റുമുള്ള പലസ്തീൻ ജനങ്ങൾക്ക് നേരെ ഇസ്രയേൽ സൈന്യം അക്രമം അഴിച്ചു വിടുമ്പോളും കഴിഞ്ഞ അമ്പതോളം വർഷങ്ങളായി രണ്ട് മില്യൺ ജനതയെ ഇപ്പോഴും ബന്ദികളാക്കി ഉപദ്രവിക്കുംബോൾ മൗനം പാലിക്കുന്ന ഉപകരണങ്ങളായി മാറി ഇരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ഈ സംഘർഷത്തിനുള്ള ഏക പ്രതിവിധി കഴിഞ്ഞ എഴുപത്തി അഞ്ച് വർഷങ്ങളായി നിലനിന്നു പോന്ന ഇസ്രയേലിനോട് പക്ഷം പിടിക്കുന്ന നിയമ സാംവിധാനം അല്ലെന്നും എല്ലാ രാജ്യത്തിനും ബാധകമാകുന്ന പക്ഷപാതമില്ലാത്ത തരത്തിൽ ഉള്ള അന്താരാഷ്ട്ര നിയമമാണെന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു.
മുഖ്യധാര മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പിന്റെ ഒട്ടനേകം വകഭേദങ്ങൾ നമുക്ക് കഴിഞ്ഞ കാലങ്ങളിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്, ഒസാമ ബിൻ ലാദനെ 1993ൽ ‘ സമാധാനത്തിന് വേണ്ടി പോരാടുന്ന സോവിയറ്റ് വിരുദ്ധ പോരാളി എന്ന് വിശേഷിപ്പിച്ച ‘ ഇൻഡിപെൻഡന്റ് പത്രം മുതൽ, സിറിയയിലും മറ്റും അമേരിക്കൻ ഫണ്ടിങ്ങിലൂടെ നടന്ന വിമത പ്രവർത്തനങ്ങളെ, അത് സിറിയൻ സൈനികന്റെ ഹൃദയം പറിച്ചു തിന്ന തീവ്രവാദി ആണെങ്കിലും പന്ത്രണ്ട് വയസുകാരനായ പലസ്തീനിയൻ ബാലന്റെ തല അറുത്തതാണെങ്കിലും അത് തീവ്രവാദ പ്രവർത്തനങ്ങൾ എന്ന് വിശേഷിപ്പിക്കാനോ അവരെ തീവ്രവാദികൾ എന്ന് വിളിക്കാനോ മടിക്കുന്ന ബിബിസി വരെ അത് നീളുന്നു. വസ്തുതകളെ മറച്ച് വച്ച് ചില വിഭാഗങ്ങളെ മാത്രം ഉത്തമന്മാരാക്കിയും മറ്റുള്ളവരെ വില്ലൻമാരായി ചിത്രീകരിച്ചുമുള്ള ഇത്തരം മാധ്യമ പ്രവർത്തനം ; സാധാരണക്കാരനെ അവന്റെ ചുറ്റുപാടുകളെ കുറിച്ച് ബോധാവാൻ ആക്കാൻ ഉത്തവാധിത്തമുള്ള മാധ്യമ പ്രവർത്തന വൃത്തിക്ക് തന്നെ അപഹാസ്യമാണ്.