ഇറാനെതിരെ കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ. ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തലസ്ഥാനമായ ടെഹ്‌റാനിൽ ശനിയാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ടെഹ്‌റാന് ചുറ്റും നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്.
പതിനൊന്ന് മാസത്തിലേറെയായി ഗാസയിലേക്കും പിന്നീട് ലബനനിലേക്കും ഇസ്രയേൽ നടത്തുന്ന മനുഷ്യക്കുരുതിയ്ക്ക് തിരിച്ചടിയായി ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രയേലിലേക്ക് ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ നീക്കം.
ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ രഹസ്യ രേഖകൾ നേരത്തെ ചോർന്നിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ കൈയിൽ നിന്നാണ് രേഖകൾ പുറത്തുപോയത്. ഇസ്രയേലിന് പുറമെ സഖ്യകക്ഷികളായ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കും രേഖകളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട് ചെയ്‌തിരുന്നു.