ഗാസയിൽ ആക്രമണം അതിരൂക്ഷമാക്കി ഇസ്രയേൽ. വെള്ളിയാഴ്ച സൈന്യം നടത്തിയ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. റാഫയ്ക്കുള്ളിലേക്ക് കൂടുതൽ ഇസ്രയേൽ ടാങ്കുകൾ കടന്നു കയറിയതായി റിപ്പോർട്ടുകളുണ്ട്. തെക്കൻ ഗാസയിലെ അൽ-മവാസിയിലെ അഭയാർഥിക്യാമ്പുകൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ്ക്രോസിന്റെ (ഐസിആർസി) താവളത്തിന് സമീപത്തുള്ള അഭയാർഥി ക്യാമ്പിലേക്ക് ഇസ്രയേൽ സൈന്യം രണ്ട് തവണ ആക്രമണം നടത്തുകയായിരുന്നു. ക്യാമ്പിനു പുറത്ത് ഉഗ്ര ശബ്ദത്തോടെ ആദ്യ സ്ഫോടനം ഉണ്ടായി. ശബ്ദം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് എന്നറിയാൻ ആളുകൾ പുറത്തേക്കിറങ്ങിയ സമയത്ത് വീണ്ടും സ്ഫോടനം ഉണ്ടായി. റെഡ്ക്രോസിന്റെ താവളത്തിന്റെ കവാടത്തിൽ തന്നെയായിരുന്നു ഇത്. രക്ഷാ പ്രവർത്തനങ്ങൾക്കായി പുറത്തേക്ക് ഓടിയവരാണ് കൊല്ലപ്പെട്ടത്.
ഹമാസിനെ തകർക്കാൻ എന്ന പേരിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തുന്നത് സാധാരണക്കാരായ പലസ്തീൻ പൗരന്മാർക്കെതിരെയാണെന്നും ബോംബിട്ട സ്ഥലം റെഡ്ക്രോസിന്റെ ക്യാമ്പ് സ്ഥിതി ചെയ്യുന്നിടമാണെന്ന് സൈന്യത്തിന് കൃത്യമായി അറിവുള്ളതാണെന്നും ഐസിആർസി ആരോപിച്ചു. ക്യാമ്പിന് പുറത്ത് റെഡ്ക്രോസിന്റേതെന്ന് വ്യക്തമാക്കുന്ന ബാനറുകളും ലോഗോയും സ്ഥാപിച്ചിട്ടുണ്ട്. ഇത് വകവയ്ക്കാതെ ക്യാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു. പൗരന്മാരുടെയും റെഡ്ക്രോസ് ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കാൻ ലക്ഷ്യമിട്ടു തന്നെയായിരുന്നു ആക്രമണമെന്നും ഐസിആർസി പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.