ബെംഗളൂരു: ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. രാജ്യത്തിൻറെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സാണ് വിജയമായത്.
ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൂട്ടിച്ചേർക്കാൻ ഐഎസ്ആർഒയ്ക്കായത്.
ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡിസംബർ 30ന് പിഎസ്എൽവി സി 60 റോക്കറ്റിലാണ് സ്പെഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്.
എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഉപഗ്രഹങ്ങളുടെ പേരുകൾ.
ഡോക്കിങ് സാങ്കേതികവിദ്യയിൽ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് വിജയം കൈവരിച്ചിട്ടുള്ളത്.കഴിഞ്ഞ ഞായറാഴ്ച പേടകങ്ങളെ മൂന്ന് മീറ്റർ അകലത്തിൽ എത്തിക്കാൻ സാധിച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചിരുന്നു.
ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവെച്ചു. ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലെത്തിക്കാനുള്ള ശ്രമം ആദ്യം പാളിയിരുന്നു.
ഇതേ തുടർന്ന് ഡോക്കിങ് പരീക്ഷണ വീണ്ടും മാറ്റിവെച്ചു. അന്നത്തെ പിഴവ് പരിഹരിച്ചാണ് ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലേക്കും പിന്നീട് മൂന്ന് മീറ്ററിലേക്കും എത്തിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചത്.