ശ്രീഹരികോട്ട: ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി ഡി 2 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ചെറു ഉപഗ്രഹങ്ങളെയും എസ്എസ്എല്‍വി വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2, അമേരിക്കൻ കമ്പനി അന്റാരിസിന്റെ ജാനസ് 1 എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.
വിക്ഷേപണം സമ്പൂര്‍ണ വിജയമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. ആദ്യ ദൗത്യത്തിലെ വീഴ്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥങ്ങളില്‍ വിക്ഷേപിക്കുന്ന വാഹനമാണ് എസ്എസ്എല്‍വി അഥവാ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ . ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയായ SSLV ഡി വണ്ണിന്റെ ആദ്യ പറക്കല്‍ ഓഗസ്റ്റ് ഏഴിനാണ് നടന്നത്. എന്നാല്‍ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് വിക്ഷേപണം പരാജയപ്പെട്ടു. തുടർന്ന് ആദ്യ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.