പ്രതിഭാധനരായ ഇതിഹാസ താരങ്ങൾക്ക് മരണമില്ല. അവർ കാലയവനികൾക്കുള്ളിൽ മറഞ്ഞാലും അവരുടെ ഓർമ്മകൾ എന്നും മനുഷ്യമനസുകളിൽ നിലനിൽക്കുക തന്നെ ചെയ്യും. അത് എത്ര തലമുറകൾ കടന്നു പോയാലും അവ മരണമില്ലാതെ തുടരും. മനുഷ്യരാശിക്ക് ഈ ഇതിഹാസ മനുഷ്യർ നൽകിയ കലാതീതമായ സംഭാവനകൾ എന്നെന്നും അവരെ ഓർമ്മപ്പെടുത്തുക തന്നെ ചെയ്യും. അത്തരത്തിൽ ഒരു ഇതിഹാസ താരകമാണ് ജി ദേവരാജൻ മാസ്റ്റർ. അദ്ദേഹത്തിന്റെ കൈയ്യൊപ്പിൽ പതിഞ്ഞ ഗാനങ്ങൾ അത്രയും മലയാളിയുടെ ഇടനെഞ്ചിലാണ് ഇടം പിടിച്ചിരിക്കുന്നത്. നിത്യഹരിത ഗാനങ്ങളിലൂടെ നിരവധി ആരാധകരുടെ മനസ്സിൽ മുദ്ര പതിപ്പിച്ച ദേവരാജൻ മാസ്റ്റർ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.
മുന്നൂറിലധികം ചിത്രങ്ങൾക്കാണ് ദേവരാജൻ മാസ്റ്റർ സംഗീതം പകർന്നു നൽകിയത്. കൊല്ലം ജില്ലയിലെ പരവൂരിൽ 1927 സെപ്റ്റംബർ 27ന് ഒരു കലാകുടുംബത്തിൽ തന്നെയായിരുന്നു മാസ്റ്ററുടെ ജനനം. പിന്നീട് സംഗീതത്തിൽ തന്റെ ലോകം തിരിച്ചറിഞ്ഞ മാസ്റ്റർ ആകാശവാണിയിലൂടെ നിരവധി കച്ചേരികൾ നടത്തി. മലയാളത്തിലെ എക്കാലത്തേയും പ്രചോദനങ്ങളായ ആശാനുൾപ്പെടെയുള്ള എഴുത്തുകാരുടെ കവിതകൾക്ക് ഈണം നൽകി കവിതാ പാരായാണത്തിനു മറ്റൊരു തലം ഉയർത്തിക്കൊണ്ടുവരാൻ മാസ്റ്റർക്ക് സാധിച്ചു.
കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു മാസ്റ്റർ. മാസ്റ്ററുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം അദ്ദേഹത്തിന്റെ സർഗാത്മകതയെ ജനകീയമുന്നേറ്റങ്ങൾക്കായുള്ള പടവാളാക്കി ഉയർത്തി. അതെല്ലാമാണ് അദ്ദേഹത്തെ കെപിഎസിയിൽ കൊണ്ടെത്തിച്ചത്. പൊന്നരിവാൾ അമ്പളിയിൽ കണ്ണെറിയുന്നോളെ എന്ന ഒറ്റ നാടക ഗാനം മാത്രം മതി മാസ്റ്റർ എന്ന അതുല്യ പ്രതിഭ കെപിസിസിക്ക് അല്ലെങ്കിൽ മലയാള നാടക ചരിത്രത്തിനു എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് കാണിക്കാൻ. അക്കാലത്ത് കേരളത്തിൽ നിലന്നിരുന്ന അനീതികൾക്കെതിരെയെല്ലാം പടപൊരുതിയ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കേരളക്കരയാകെ വേരോടിക്കാൻ കെപിഎസിസി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. തോപ്പിൽ ഭാസി രചിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
കൈലാസ് പിക്‌ചേഴ്‌സിന്റെ കാലം മാറുന്നു എന്ന സിനിമയായിരുന്നു ദേവരാജൻ മാസ്റ്ററുടെ ആദ്യ ചിത്രം. ഈ ചിത്രത്തിലെ ആ മലർ പൊയ്കയിൽ എന്നുതുടങ്ങുന്ന ഗാനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനം. എക്കാലത്തും ദേവരാജൻ മാസ്റ്ററിനെ ഓർക്കുന്ന സംഗീതാസ്വാദകർ വയലാർ ദേവരാജൻ കൂട്ടുകെട്ടിനെ പുകഴ്താതിരുന്നിട്ടില്ല. ചതുരംഗം എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുക്കെട്ടിനു തുടക്കമിട്ടത്. വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം ഭാര്യ ആയിരുന്നു. ഈ ചിത്രമാണ് വയലാർ-ദേവരാജൻ ജോഡിയെ ജനപ്രിയമാക്കിയത്. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. വയലാറിനു പുറമേ ഒഎൻവി കുറുപ്പ്, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ ഗാനരചയിതാക്കളുമൊത്തും ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തഗായകരായ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്നു. ദേവരാജൻ എന്ന സംഗീതമാന്ത്രികന്റെ മാന്ത്രികത തന്നെയായിരുന്നു ഈ ഗായകരെയെല്ലാ ജനമനസ്സിൽ പ്രതിഷ്ടിച്ചത്.
1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതവാർഷികം 1957 ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത അന്നത്തെ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദിന്റെ മുൻപിൽ ശിപായി ലഹളയിലെ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാഷ് ഈണം നൽകി കെ എസ് ജോർജ്ജ്, സി ഒ ആന്റോ ,സുലോചന തുടങ്ങി നൂറോളം പേർ ചേർന്ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ അവതരിപ്പിച്ച ബലികുടീരങ്ങളെ എന്നു തുടങ്ങുന്ന വിപ്ലവഗാനം ഇന്ന് മലയാളികളുടെ ചുണ്ടിൽ തങ്ങി നിൽക്കുന്ന ഒന്നാണ്.
മലയാളചലച്ചിത്രഗാനശാഖയിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ച് ഗാനങ്ങൾ ചിട്ടപ്പെടുത്തിയ മറ്റൊരു സംഗീതസംവിധായകൻ ഇല്ലെന്നു വേണം പറയാൻ. ഏകദേശം നൂറ് രാഗങ്ങളെങ്കിലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. മോഹനരാഗത്തിൽ മാത്രം അദ്ദേഹം അമ്പതോളം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക – ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചു ചേർന്നു. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്.
വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ. ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനിനിൻ പുണ്യാശ്രമത്തിൽ, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ എക്കാലവും ദേവരാജ സ്മരണകൾ നൽകി മലയാളികൾ മൂളിപ്പാടുക തന്നെചെയ്യും.