ഇന്ത്യക്കായി ഗോദകളിൽ പല പ്രതിസന്ധികളേയും അതിജീവിച്ച് അവരിറങ്ങുന്നത് വിജയിച്ച് രാജ്യത്തിന്റെ അഭിമാനം ലോകത്തിനു മുന്നിൽ ഉയർത്തി പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ട് തന്നെയാണ് ജയവും പരാജയവും അവരുടെ കണ്ണിനെ ഈറനണിയിപ്പിക്കുന്നത്. ജയം സന്തോഷത്തിന്റെ കണ്ണീർ സമ്മാനിക്കുമ്പോൾ പരാജയം രാജ്യത്തിനായി പൊരുതിയിട്ടും ജയം നേടാനാവത്തതിന്റെ, കുറ്റബോധത്തിന്റെ, സങ്കടത്തിന്റെ കണ്ണീർ ആയി മാറുന്നു. ഈ വികാരങ്ങൾ രാജ്യത്തിനായി പൊരുതുന്ന ഏതൊരു കായികതാരവും കടന്നു പോയിട്ടുള്ള വികാരങ്ങളാണ്. അവർ ചിന്തിക്കുന്നത് ഓരോ മത്സരത്തിലും രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ്.
എന്നാൽ, ഇന്ന് രാജ്യത്തെ ഗുസ്തി താരങ്ങൾ സ്വന്തം ആത്മാഭിമാനത്തിനും മാനത്തിനും വേണ്ടിയുള്ള ഒരു പോരാട്ടത്തിലാണ്. ആ പോരാട്ട ഭൂമിയിൽ അവർ പൊഴിക്കുന്ന കണ്ണീർ അവരുടെ മാനത്തിനു വിലയിട്ട ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനായി ഒത്താശചെയ്യുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള മോദി സർക്കാരിനെതിരാണ്. രാജ്യത്തിനായി പോരാടുന്ന ഇവർക്ക് കേന്ദ്ര സർക്കാരിൽ നിന്നും അനുഭവിക്കേണ്ടി വന്നത് അപമാനമാണെങ്കിൽ ഒരു സാധാരണ വ്യക്തിക്ക് ഇത്തരം കേസുകളിൽ എന്ത് നീതികിട്ടാനാണ്.
ഒരു പക്ഷേ, അതേ നീതി നിഷേധം തന്നെയാവും ഹത്രാസയിലെ പെൺകുട്ടിയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ടാവുക. വളരെ കുറച്ചു കാലയളവിലെ സംഭവവികാസങ്ങൾ മാത്രം എടുത്ത് പരിശോധിച്ചാൽ മനസിലാവുന്ന കാര്യം രാജ്യത്തെ നിയമ വ്യവസ്ഥകൾ അപ്പാടെ തകർന്നടിഞ്ഞേക്കുകയാണ്. ബിജെപി നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ വഴിമുട്ടി നിൽക്കുന്നു. അന്വേഷണം വെറു പ്രഹസനങ്ങളായി മാറുകയാണ്.
ഗുസ്തീ താരങ്ങൾ തങ്ങളുടെ പ്രതിഷേധം ഡൽഹിയിലെ തെരുവുകളിലേക്ക് മാറ്റിയതിനു കാരണം തങ്ങൾക്കൊരിക്കലും നീതി ലഭിക്കില്ല എന്ന അവരുടെ തിരിച്ചറിവാണ്. ഏപ്രിൽ 23 ന് ആരംഭിച്ച സമരം ഈ സമയവും അവർ തുടരുകയാണ്.
ബ്രിജ് ഭൂഷൺ ശരൺ എന്ന ബിജെപി എംപിയുടെ ലൈംഗികാതിക്രമത്തിനെതിരെ പ്രക്ഷോഭം നടത്തിവരുന്ന രാജ്യത്തിന്റെ അഭിമാനം ലോകത്തിനു മുന്നിലുയർത്തിക്കാട്ടിയ ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ അപമാനിക്കുകയും അവഹേളിക്കുകയും അവഗണിക്കുകയുമാണ് മോദി നയിക്കുന്ന കേന്ദ്ര സർക്കാർ ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത കായികതാരത്തിനു നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി എംപി ബ്രിജ് ഭൂഷൺ ഇതിനു മുൻപും പല തരം വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ഒരാളെ വെടിവച്ചുകൊന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് രാജ്യം മറന്നിട്ടുണ്ടാവില്ല. ബാബറി മസ്ജിദ് തകർക്കാൻ മുൻനിരയിൽ നിന്ന വ്യക്തിയാണ് ബ്രിജ് ഭൂഷൺ. മുംബൈ വർഗീയ ലഹളയ്ക്ക് തിരികൊളുത്തിയ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായി നിന്നതും ബ്രിജ് ഭൂഷൺ സിങ് എന്ന ബിജെപി എംപി തന്നെയായിരുന്നു. യഥാർത്ഥ രാജ്യ ദ്രോഹിയാരെന്ന വിലയിരുത്തൽ ജനം ഇനിയും നടത്തിയില്ലെങ്കിൽ ഇതുപോലുള്ള ദുഷ്ടൻമാർ പനപോലെ തഴച്ചുവളരും.
കപട രാജ്യസ്നേഹം നടിക്കുന്ന ബിജെപിക്കാർ ഇപ്പോൾ എവിടെയാണ്. രാജ്യത്തിന്റെ യശസ് ഉയർത്താൻ ഗോദകളിൽ ചോരവാർക്കുന്ന ഇന്ത്യയുടെ കരുത്തരായ മക്കൾ ഡൽഹിയുടെ പൊതുനിരത്തുകളിൽ പൊലീസിന്റെ ലാത്തിചാർജിനിരയായപ്പോൾ കണ്ടില്ല ആരെയും. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ കൺകണ്ട ദൈവമെന്ന് വിശേഷിപ്പിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ പോലും ഒരു അക്ഷരം ഉരിയാടാതെ മൗനവൃതം എടുത്തിരിക്കുകയാണ്. പൊരുതുന്ന ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കുക എന്നതിനപ്പുറം, ഈ വിഷയത്തിൽ രണ്ടു പക്ഷമില്ല.