രാജ്യത്തിന്റെ മതനിരപേക്ഷതയെ ദുർബലപ്പെടുത്തി വർഗ്ഗീയത ശക്തിപ്പെടുത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ടി പുരുഷോത്തമൻ നഗറിൽ (റീൻ പാലസ് ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പല തട്ടുകളാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ജനങ്ങളെ വിഭജിച്ച് സംതൃപ്തി കണ്ടെത്തുന്ന ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. മതരാഷ്ട്ര സങ്കല്പത്തിലേക്ക് പോയാൽ നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും സാധാരണക്കാരുടെയും സ്ഥിതി അതീവ ഗുരുതരമായിരിക്കും.
സഹനത്തിന്റെയും ത്യാഗത്തിന്റെയും പൂർവാനുഭവങ്ങൾ ഒന്നും തന്നെ ഇല്ലാത്ത പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുവാൻ നേതാക്കളുടെ ഫോട്ടോ ഒട്ടിച്ചു ചേർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കപട ദേശീയത എത്ര പ്രചരിപ്പിക്കാൻ ശ്രമിച്ചാലും യഥാർത്ഥ ചരിത്രം അറിയാവുന്ന ഇന്ത്യയിലെ മനസുകളിൽ അത് പതിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നയങ്ങളെ എതിർക്കാൻ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കാത്തത് ദൗർഭാഗ്യകരമാണ്. ജനകീയ ബദൽ ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്നത് ഇടതുപക്ഷ പാർട്ടികൾ മാത്രമാണ്. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളെ ഒരുമിപ്പിച്ചു മുന്നോട്ടു കൊണ്ടുപോവാനുള്ള ഇടത് ദൗത്യം നിർവഹിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ബിജെപിയുടെ തെറ്റായ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ കഴിയുകയുള്ളൂ. കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് എന്നിവർ സംസാരിച്ചു. വിപ്ലവ ഗായിക പി കെ മേദിനി സമ്മേളന നഗറിൽ പതാക ഉയർത്തി. രാഷ്ട്രീയ റിപ്പോർട്ട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശനും സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും അവതരിപ്പിച്ചു. വി മോഹൻദാസ്, ടി ആനന്ദൻ, ആർ ഗിരിജ, ബൈരഞ്ജിത്ത്, യു അമൽ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.