ഡൽഹി: ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തലിനുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി. ഹർജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. കെട്ടിടങ്ങൾ സുപ്രീംകോടതി ഉത്തരവിനുശേഷവും പൊളിച്ചത് ഗൗരവതരമെന്ന് കോടതി. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി.ആർ.ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ജംഇയ്യത്തുൽ ഉലമ ഹിന്ദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ പരിഗണിച്ചത്.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് മുനിസിപ്പൽ കോർപ്പറേഷൻ പൊളിക്കൽ നടപടിയുമായി മുന്നോട്ടുപോയതെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു. ചട്ടപ്രകാരമുള്ള മുൻകൂർ നോട്ടീസ് നൽകാതെയായിരുന്നു പൊളിക്കൽ നടപടി. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടാണ് പൊളിക്കൽ നടപടിയെന്നും ദവെ കോടതിയിൽ ചൂണ്ടിക്കാട്ടി.ഇത് ജഹാംഗീർപുരിയുടെ മാത്രം വിഷയമല്ല. സാമൂഹ്യ നീതിയുടെ പ്രശ്‌നമാണ്. ഇത് അനുവദിക്കുന്നത് നാടിന്റെ നിയമവ്യവസ്ഥ അപ്രസക്തമാകുന്നതിന് തുല്യമായിരിക്കുമെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയ്ക്ക് മുന്നിൽ വ്യക്തമാക്കി.