Saturday, November 23, 2024
spot_imgspot_img
HomeIndiaപത്തു വർഷത്തിന് ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ്, ആർട്ടിക്കിൾ 370 റദ്ധാക്കിയ ബിജെപിയോട് കശ്മീർ ജനത...

പത്തു വർഷത്തിന് ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ്, ആർട്ടിക്കിൾ 370 റദ്ധാക്കിയ ബിജെപിയോട് കശ്മീർ ജനത മറുപടി പറയുമോ?

പൊളിറ്റിക്കൽ ഡെസ്ക്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. 2018-ൽ ജമ്മു കശ്മീർ നിയമസഭ പിരിച്ചുവിട്ടതിന് ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പ് അത് കൊണ്ട് തന്നെ രാജ്യം ഒന്നടങ്കം ഉറ്റുനോക്കുകയാണ്. മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് ബിജെപിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. കശ്മീരിനെ കീറിമുറിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ച ബിജെപി ഈ തിരഞ്ഞെടുപ്പിൽ എന്തുനേടും എന്നതാണ് കാതലായ ചോദ്യം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി അവകാശപ്പെടുന്ന ഇന്ത്യയിൽ ബിജെപി ഭരണത്തിൽ ജനാധിപത്യം എന്നത് കേവല പ്രഹസനമായി മാറിയതിന്റെ ഉത്തമോദാഹരണമായിരുന്നു ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത നടപടി. എല്ലാ പാർലമെന്ററി മര്യാദകളും കാറ്റിൽ പറത്തി, പാർലമെന്റംഗങ്ങളെയാകെ ഇരുട്ടിൽ നിർത്തിയാണ് അമിത്ഷാ ജമ്മുകാശ‍്മീരിനെ സംബന്ധിച്ച ഭരണഘടനയുടെ 370–ാം വകുപ്പും 35 എ വകുപ്പും റദ്ദ് ചെയ്യുകയും ആ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്.

അങ്ങനെ ചെയ്യുന്നതിന് ബന്ധപ്പെട്ട നിയമസഭയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥ മറികടക്കാൻ ജമ്മു കാശ്മീർ നിയമസഭയെത്തന്നെ മുൻകൂട്ടി പിരിച്ചുവിട്ടിരുന്നു. അങ്ങനെ തികച്ചും ജനാധിപത്യവിരുദ്ധമായി സംഘ് പരിവാറിന്റെ ഹിന്ദുത്വ അജൻഡകളിലൊന്ന് നടപ്പാക്കപ്പെടുകയായിരുന്നു.ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളിലൊന്നായ ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനത്തിൽ സംസ്ഥാനത്തെ കീറിമുറിച്ച് കേന്ദ്ര ഭരണപ്രദേശമാക്കിയതു സംബന്ധിച്ച് ഭരണഘടനാ സാധുതയിലേക്ക്‌ കടക്കാതെ ഇന്ത്യയിലെ പരമോന്നത നീതിപീഠം തന്നെ ജനാധിപത്യവിരുദ്ധമായ നീക്കത്തോട് അന്ന് കണ്ണടച്ചുവെന്നതാണ് ദൗർഭാഗ്യകരമയ വസ്തുത.

ജമ്മുകാശ്മീരിനുള്ള ഭരണഘടനാപരമായ പ്രത്യേക പദവി രാജ്യത്തിന്റെ നേതാക്കളും ജമ്മുകാശ്മീരിന്റെ നേതൃത്വവും തമ്മിലുണ്ടായ സമഗ്രമായ കൂടിയാലോചനകളെ തുടർന്ന് ലഭ്യമായതാണ്. പാകിസ്താന്റെ പിന്തുണയോടെ മേഖലയിൽ നടന്നു കൊണ്ടിരുന്ന ഗോത്രവർഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മുകാശ്മീരിലെ ഹിന്ദു മഹാരാജാവ് ഒപ്പു വെച്ച ലയനക്കരാറിനോട് അനുബന്ധിച്ചുചേർത്ത ഷെഡ്യൂളിൽ മൂന്ന് വിഷയങ്ങളിൽ മാത്രമാണ് ഇന്ത്യൻ പാർലമെന്റിന് നിയമനിർമാണം നടത്താനുള്ള അധികാരം നൽകുന്നത്.

പ്രതിരോധം, വിദേശകാര്യം, വിവരവിനിമയം എന്നിവയാണ് ആ മൂന്ന് വിഷയങ്ങൾ. 1949 ഒക്ടോബർ 17ന് എൻ ഗോപാലസ്വാമി അയ്യങ്കാർ അനുഛേദം 306 Aയുടെ കരട് ഭരണഘടനാ നിർമാണസഭയിൽ അവതരിപ്പിക്കുകയും, സഭ അത് അനുഛേദം 370 ആയി അംഗീകരിക്കുകയും ചെയ്തതാണ്. അതോടൊപ്പം ജമ്മു കശ്മീർ സംസ്ഥാനത്തിനുമേലുള്ള കേന്ദ്രത്തിന്റെ അധികാരപരിധിയെ നിർണയിക്കുന്നത് ഭരണഘടനാ നിർമാണസഭയിലൂടെ പ്രകടമാക്കപ്പെടുന്ന ജനങ്ങളുടെ അഭിലാഷമായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു.

എന്നാൽ ഇത് സംബന്ധിച്ച കേസിൽ കാശ്‌മീരിന്‌ പ്രത്യേക പദവി അനുവദിക്കുന്ന 370 -o അനുച്ഛേദം താൽക്കാലികമാണോ 370–-ാം അനുച്ഛേദം ഭേദഗതി വരുത്തി രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവ്‌ ഭരണഘടനാപരമായി സാധുവാണോ എന്നതടക്കമുള്ള ചോദ്യങ്ങൾ പരിഗണിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ച് സർക്കാരിന്റെ നയപരമായ തീരുമാനമാനങ്ങളിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.


പുതിയ സംസ്ഥാനങ്ങർ രൂപീകരിക്കുകയോ നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിർത്തികൾ പുനർ നിർണയിക്കുകയോ ചെയ്യുമ്പോൾ പിന്തുടരേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ ഭരണഘടനയുടെ അനുച്ഛേദം മൂന്നിന്റെ സമ്പൂർണമായ ലംഘനവും ജമ്മു കാശ്മീരിന്റെ വിഷയത്തിൽ നടന്നിരുന്നു.
ഈ അനുച്ഛേദ പ്രകാരം ഒരു സംസ്ഥാനത്തെ മൊത്തത്തിൽ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാൻ കഴിയില്ല എന്നതാണ് വസ്തുത.

സംസ്ഥാനത്തിന്റെ ഭാഗികമായ പ്രദേശങ്ങൾ മാത്രമേ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇവിടെ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞ് ജമ്മു കാശ്മീർ എന്നും ലഡാക്ക് എന്നും പേരുള്ള രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റുകയാണ് നിലവിൽ ചെയ്തത്.ഭരണ ഘടനയുടെ അനുച്ഛേദം 356 പ്രകാരം ഒരു സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം ഒരു വർഷത്തിലധികം അധികരിക്കാൻ പാടില്ലെന്നും അല്ലാത്തപക്ഷം ആ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യമാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കണമെന്നുമാണ് വ്യവസ്ഥ ചെയ്യുന്നത്.

എന്നാൽ ജമ്മു കശ്മീരിന്റെ കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മീഷൻ അത്തരം ഒരു പ്രഖ്യാപനം നടത്തിയിരുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിച്ച് നിയമനിർമ്മാണ സഭ ചെയ്യേണ്ട ഉത്തരവാദിത്വം ഏകപക്ഷിയമായി ഗവർണ്ണറെക്കൊണ്ട് നിർവ്വഹിപ്പിച്ച് രാഷ്ട്രപതിക്ക് പ്രത്യേക വിജ്ഞാപനം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു ചെയ്തത്. ഏറ്റവും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ സമയപരിധി നിശ്ചയിച്ച ഡിസംബർ 11ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഏതായാലും ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍ സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഒരു ജനതയുടെ പൗരാവകാശങ്ങളെ അപ്പാടെ ചങ്ങലക്കിട്ട്, അടിച്ചമർത്താൻ ശ്രമിച്ച് പരാജയപ്പെട്ടുപോയ ബിജെപി, തിരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തൊക്കെ ഹീനമായ വഴികളാണ് തേടുകയെന്ന് കാത്തിരുന്നു തന്നെ കാണണം.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവെന്നാണ് ബിജെപി അവകാശവാദം. എന്നാൽ, ഭീകരാക്രമണങ്ങളിൽ സൈനികർക്കും സാധാരണക്കാർക്കും ജീവനൻ നഷ്ടപ്പെടുന്ന സാഹചര്യം വർധിക്കുകയാണ് ചെയ്തത്. 2019 ആഗസ്ത് മുതൽ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും സ്ഥിതിഗതികൾ മാറ്റമില്ലാതെ തന്നെ തുടരുകയാണ് എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ ഈ പ്രദേശത്തുനടന്ന ഒറ്റപ്പെട്ട ഭീകരാക്രമണങ്ങളിൽ 27 പട്ടാളക്കാരടക്കം കുറഞ്ഞത് 39 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

2023 സെപ്തംബറിൽ തെക്കൻ കാശ്മീരിലെ കോകർനാഗ് (Kokernag)മേഖലയിൽ നടന്ന സ വെടിവയ്പിൽ ഒരു ആർമി കേണലും ഒരു മേജറും ജമ്മു കാശ്മീർ പൊലീസിലെ ഡിവെെഎസ്-പിയും കൊല്ലപ്പെടുകയുണ്ടായി. ജമ്മുകാശ്മീർ ശാന്തമാണെന്ന ഗവണ്മെന്റിന്റെ അവകാശ വാദത്തിന്റ മുനയൊടിക്കുന്നതായിരുന്നു സുരക്ഷാസേനകൾക്കുനേരെ ഈയടുത്ത കാലത്തുണ്ടായ ആക്രമണങ്ങൾ.പുതിയ എൻഡിഎ സർക്കാർ ജൂൺ ഒമ്പതിന്‌ സത്യപ്രതിജ്ഞ ചെയ്‌ത ദിവസംതന്നെയാണ്‌ ജമ്മുവിലെ റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസ്‌ ഒരു സംഘം ഭീകരർ പതിയിരുന്നാക്രമിച്ച്‌ ഒമ്പതുപേരെ കൊലപ്പെടുത്തിയത്‌.

രാജ്യം പിന്തുടർന്ന് വരുന്ന ഭരണ ഘടന മൂല്യങ്ങളും നിയമ വാഴ്ചയും അട്ടിമറിച്ചു കൊണ്ട് ജനാധിപത്യത്തെ സജീവമാക്കുന്ന വിയോജിപ്പുകളെയും ചിന്തകളെയും ഇല്ലായ്മ ചെയ്യുകയും രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കുന്ന നയങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘ് പരിവാർ ഈ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് ഏവരും ഉററു നോക്കുന്നത്. തെരഞ്ഞെടുപ്പുകളെ ലക്ഷ്യംവെച്ചുള്ള വർഗീയ ധ്രുവീകരണ അജൻഡയിൽ നിന്നുടലെടുക്കുന്ന ജനാധിപത്യ വിരുദ്ധ ഏകീകരണം എക്കാലത്തും പ്രഖ്യാപിത അജണ്ടയായി സ്വീകരിച്ചവരുടെ ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയാകുമോ ജമ്മു കശ്മീർ നിയമ സഭ തെരഞ്ഞെടുപ്പ് എന്നതും ആശങ്കയുളവാക്കുന്നു .

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares