കൊല്ലം ഓയൂരിൽനിന്ന് അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ വിഷയത്തിൽ മാധ്യമങ്ങൾ കാണിച്ച പരാക്രമങ്ങളെ വിമർശിച്ച് സിപിഐയുടെ മുഖ പത്രമായ ജനയുഗം രംഗത്ത്. അതിരുവിട്ട മാധ്യമ പരാക്രമങ്ങൾക്കെതിരെ ജനയുഗത്തിന്റെ എഡിറ്റോറിയലിലൂടെയാണ് വിമർശനം ഉയർന്നത്. കാണാതായ കുട്ടിയുടെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ മകളെ കാണാതായി സംസാരിക്കാൻ കഴിയാതെ നിന്നിരുന്ന അമ്മയോട് നിരന്തരം ചോദ്യങ്ങൾ ചോദിച്ചതും തട്ടിക്കൊണ്ട് പോയ സംഘം കുട്ടിയെ വിട്ടുകിട്ടാൻ പണം ആവശ്യപ്പെട്ട് വിളിച്ചപ്പോൾ പണം കിട്ടിയില്ലേൽ കുഞ്ഞിനെ എന്തു ചെയ്യും എന്നാണ് അവർ പറഞ്ഞത് എന്ന തരത്തിലുള്ള ഹീനമായ മാധ്യമ ധർമ്മത്തിനാണ് ആ വീട് അന്ന് സാക്ഷ്യം വഹിച്ചത്. മാധ്യമ ധർമ്മത്തെ കുറിച്ചു പറയുന്ന ജനങ്ങൾക്കൊപ്പം എന്നു കൊട്ടിഘോഷിക്കുന്ന മുഖ്യധാര മാധ്യമങ്ങൾ പോലും എക്സക്ലൂസീവിനായി മനുഷ്യത്വത്തെ പോലും അവഗണിച്ചെന്ന് ജനയുഗം പരസ്യമായി വിമർശിച്ചിട്ടുണ്ട്.
ജനയുഗം പത്രത്തിൽ വന്ന എഡിറ്റോറിയലിന്റെ പൂർണ രൂപം
കൊല്ലം ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഏഴു വയസുകാരി അബിഗേൽ സാറയെ കണ്ടെത്തുംവരെ ഭാരിച്ച ഹൃദയവ്യഥയിലായിരുന്നു കേരളം. കാണാതായി 19 മണിക്കൂർ പിന്നിടും മുമ്പേ കുട്ടിയെ കണ്ടെത്താനായി. സഹോദരനോടൊപ്പം ട്യൂഷന് പോകുംവഴിയാണ് തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ദുഃഖകരമായ ആ വാർത്തയോടു ചേർന്ന്, കുട്ടിയുടെ വീട്ടിലെത്തി ചില മാധ്യമങ്ങൾ കാണിച്ച പരാക്രമങ്ങൾ മാധ്യമ മാന്യതയെക്കുറിച്ച് വീണ്ടും ഒട്ടേറെ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു. മകളെ കാണാതായി സംസാരിക്കാൻ കഴിയാതെ വിതുമ്പുന്ന അമ്മയോട് നിരന്തരം ചോദ്യങ്ങൾ ചോദിച്ച് എന്തെങ്കിലും പറയിക്കാൻ ശ്രമിക്കുന്ന ചാനൽ റിപ്പോർട്ടർമാർ ഒരുവശത്ത്. എനിക്ക് കൂടുതലൊന്നും അറിയില്ല എന്ന് വിതുമ്പുന്ന അമ്മയുടെ ഇടറിയ സ്വരത്തെ ഘോഷിക്കുന്ന അവതാരകർ മറുവശത്ത്. അമ്മയുടെ ഫോണിലേക്ക് വന്ന പണം ആവശ്യപ്പെട്ടുള്ള വിളിപോലും കേൾക്കാനാവാത്തവിധം ചോദ്യങ്ങളുടെ ബഹളമായിരുന്നു. അത് തത്സമയം കാണിക്കുന്നു. അവിടെക്കൂടിയ സ്ത്രീകളുൾപ്പെടെ ബന്ധുക്കളുടെ സ്വകാര്യതയെ ഒട്ടും മാനിക്കാതെ മുറികളിൽ കടന്നുള്ള ലൈവ് സംപ്രേഷണം. അജ്ഞാതന്റെ കോൾ വന്നു എന്ന് കേട്ടതോടെ കുട്ടിയെ കിട്ടി എന്നായി ചിലരുടെ ബ്രേക്കിങ്. വ്യാജവാർത്ത വ്യാപകമായി പരക്കുന്നു. ഒരു ഫോൺ സന്ദേശം വന്നു എന്ന് കേട്ടപ്പോഴേക്ക് അതാരുടേതാണ് എന്ന് പോലും നോക്കാതെ, ഒരു സ്ഥിരീകരണവും വരുത്താതെ കുട്ടിയെ കിട്ടി എന്ന ‘ബ്രേക്കിങ്’ പുറത്തുവിട്ട ചാനൽ പിന്നീട് ഉപദേശിച്ചത്, വ്യാജവാർത്ത പ്രചരിപ്പിക്കരുത് എന്ന്.
സമൂഹമാധ്യമങ്ങളിൽ ചാനലുകളുടെ റിപ്പോർട്ടിങ് രീതികൾക്കെതിരെ കനത്ത വിമർശനങ്ങൾ ഉയർന്നപ്പോൾ വീട്ടിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇനി കാണിക്കുന്നില്ല എന്ന് പറഞ്ഞ് ഒരുവിഭാഗം ദൃശ്യമാധ്യമങ്ങൾ പിൻവാങ്ങി. കാണിച്ച ദൃശ്യങ്ങൾ പിന്നീട് അവ്യക്തമാക്കി . ‘പാടില്ലായിരുന്നു’ എന്ന് ചില ചാനൽ അവതാരകർ തന്നെ സമൂഹമാധ്യമങ്ങളിൽ എഴുതി. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളോ, നൈതിക വശങ്ങളോ തുടക്കക്കാരായ മാധ്യമപ്രവർത്തകർക്ക് ബോധ്യമുണ്ടാവണമെന്നില്ല. പക്ഷേ ഒരു വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി ലൈവ് കൊടുക്കുന്നതിനുമുമ്പ്, ഹൃദയമിടിപ്പിനെ നിശ്ചലമാക്കുന്ന ജീവിതാവസ്ഥയിൽ, സംസാരിക്കാൻ കഴിയാതെ നിൽക്കുന്നവരുടെ മുന്നിലേക്ക് മൈക്ക് നീട്ടുന്നതിന് മുമ്പ്, മനുഷ്യരുടെ സ്വകാര്യത എന്തെന്നും വൈകാരികാവസ്ഥകൾ എന്തെന്നും മനസിലാക്കാനുള്ള വകതിരിവ് വിവേകമതിയായ മനുഷ്യർ പാലിക്കണം. ബ്രിട്ടനിലെ ഡയാന രാജകുമാരിയെ, മാധ്യമപ്രവർത്തകരാൽ കൊല്ലപ്പെട്ട പ്രശസ്ത എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രിൻസ് ഓഫ് വെയ്ൽസ് ആയിരുന്ന ചാൾസിനെ വിവാഹം കഴിച്ചതുമുതൽ ബ്രിട്ടനിലെ മാധ്യമപ്പട ഡയാനയുടെ പിന്നാലെയായിരുന്നു. അവർ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം അവർ ഒപ്പിയെടുത്തു. ഇവരുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും കടന്നു കയറി പാപ്പരാസികൾ എന്ന വിളിപ്പേരിൽ കുപ്രസിദ്ധരായ ഒരുകൂട്ടം മാധ്യമ പ്രവർത്തകർ. ചാൾസുമായുള്ള വിവാഹ മോചനശേഷവും അവർ ഡയാനയെ വിട്ടില്ല. സുഹൃത്തും കാമുകനുമായിരുന്ന ദോദി അൽ-ഫയാദിനൊപ്പം പാരീസിലായിരുന്ന ഡയാനയെ രാത്രിയാത്രയിൽ ഒരുപറ്റം പാപ്പരാസികൾ പിന്തുടർന്നു. അവരിൽ നിന്ന് രക്ഷപ്പെടാൻ വേഗത്തിൽ സഞ്ചരിച്ച കാർ ഒരു പാലത്തിന്റെ തൂണിലിടിച്ച് തകർന്നു. ഡയാനയുടെ മരണം ബ്രിട്ടനെ വേദനിപ്പിച്ചു. പതിനായിരങ്ങൾ ഡയാനക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. ആ ദുഃഖം മാധ്യമപ്രവർത്തകർക്കു നേരെയുള്ള രോഷമായി മാറി. പലർക്കും നേരെ കയ്യേറ്റശ്രമങ്ങളുണ്ടായി. ചില പത്രങ്ങളുടെ സർക്കുലേഷൻ തന്നെ ഏതാണ്ട് നിലച്ചു. ഇനി പാപ്പരാസികളുടെ ഫോട്ടോകൾ പ്രിന്റ് ചെയ്യില്ലെന്ന് ചില പത്രങ്ങൾക്ക് പ്രഖ്യാപിക്കേണ്ടി വന്നു. ശല്യപ്പെടുത്തുന്നതിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന് കാരണമായതും ഈ സംഭവമായിരുന്നു.
കുസാറ്റിലുണ്ടായ ദാരുണാപകടത്തിൽ മരിച്ചവരുടെ പേരുകൾ ബ്രേക്കിങ് ന്യൂസ് ആയി സ്ക്രോൾ ചെയ്ത ചാനലുകളുടെ അനൗചിത്യവും വിമർശിക്കപ്പെട്ടിരുന്നു. നാട്ടിൻപുറങ്ങളിൽ മരണം അറിയിക്കുന്നതിന് ഔചിത്യവും രീതികളുമുണ്ട്. വികസിതരാജ്യങ്ങളിൽ കൃത്യമായ പ്രോട്ടോകോൾ തന്നെയുണ്ട്. വേണ്ടപ്പെട്ടവരുടെ മരണം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയുടെ നിമിഷമാണ്. അത് മനസിലാക്കി വേണം കൈകാര്യം ചെയ്യാൻ. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനും സ്വകാര്യതയ്ക്കും മേലെയല്ല സമൂഹത്തിന് അവരുടെ പേരറിയാനുള്ള അവകാശം. കേരളം കുറച്ചുകൂടി മെച്ചപ്പെട്ട മാധ്യമ സംസ്കാരം പ്രതീക്ഷിക്കുന്നുണ്ട്. അതിന് മാധ്യമങ്ങൾ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ സ്വയം ചിന്തിച്ച് തിരുത്തിയേ പറ്റൂ. എങ്കിൽ മാത്രമേ സാക്ഷരകേരളം സാംസ്കാരിക കേരളമായി മാറൂ. അല്ലാത്തപക്ഷം പാപ്പരാസികൾ എന്ന പരിഹാസത്തിന് നമ്മൾ മാധ്യമപ്രവർത്തകർ ഒന്നടങ്കം ഇരയായിത്തീരും.