തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയതിന്‍റെ മുഖ്യസൂത്രധാരൻ തൃക്കരിപ്പൂർ സ്വദേശി ജെയ്സണ്‍ തോമസാണെന്ന് പൊലീസ്. തെളിവ് ലഭിച്ചതിന് പിന്നാലെ അന്വേഷണം വ്യാപിച്ചപ്പോള്‍ ജെയ്സണ്‍ തോമസ് ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു.
വ്യാജ കാർഡ് നിർമ്മാണത്തിൽ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയാകില്ലെന്നാണ് പൊലീസ് നിലപാട്. വ്യാജ കാർഡ് നിർമ്മാണത്തിന്‍റെ തുടക്കം എവിടെനിന്നാണെന്നതിന് ഉൾപ്പെടെ നിർണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അതെല്ലാം കോടതിയിൽ തന്നെ തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ജാമ്യം ലഭിച്ചവർക്കെതിരെയും സൈബർ തെളിവുകള്‍ ഫൊറൻസിക് റിപ്പോർട്ട് വരുന്നതോട ലഭ്യമാകുമെന്നും പൊലീസ് പറയുന്നു.
തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്സണ്‍ തോമസാണ് മദർ കാർഡ് ഉപയോഗിച്ച് വ്യാജ കാർഡുകളുടെ നിർമ്മാണ് തുടങ്ങിയതെന്ന് പൊലിസിന്‍റെ കണ്ടെത്തൽ. ജെയ്ണണെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കുന്നുണ്ട്. വടക്കൻ കേരളത്തിലും അന്വേഷണം വ്യാപിച്ചിരിക്കുകയാണ്.
ജാമ്യം ലഭിച്ചവരോട് നാല് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ടാൽ എപ്പോള്‍ വേണമെങ്കിലും ഹാജരാകാനും നിർദ്ദേശമുണ്ട്. അന്വേഷണ സംഘത്തെ വിമർശിച്ച സിജെഎം കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പൊലീസ് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. പക്ഷെ അന്വേഷണത്തിൽ വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതിനാൽ അപ്പീൽ പോകേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പത്തനംതിട്ടയിൽ വ്യാജ കാർഡ് നിർമ്മിക്കാൻ പണം നൽകിയ വൈസ് പ്രസിഡൻ്റ് രഞ്ചുവിനെ കണ്ടെത്തുകയാണ് പൊലിസിന്റെ അടുത്ത ലക്ഷ്യം. രഞ്ചു ഗൂഗിള്‍ പേ വഴി വ്യാജ കാർഡ് നിർമ്മിക്കാൻ പണം നൽകിയെന്നാണ് പൊലീസ് പറയുന്നത്.