Friday, November 22, 2024
spot_imgspot_img
HomeEditorialആളുന്നുണ്ടിന്നും ജയപ്രകാശ്, ഇടറാതെ തളരാതെ…

ആളുന്നുണ്ടിന്നും ജയപ്രകാശ്, ഇടറാതെ തളരാതെ…

ടി ടി ജിസ്മോൻ
(എഐവൈഎഫ് സംസ്ഥാന സെക്രട്ടറി)

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ധീര സഖാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കിന്ന് മുപ്പത്തൊന്നു വർഷം. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സ്വകാര്യ വിദ്യാഭ്യാസ നയങ്ങൾകെതിരെ നടന്ന സമര പോരാട്ടങ്ങളിൽ മുൻ പന്തിയിൽ നിന്ന് പോരാടാൻ ജയപ്രകാശ് ഉണ്ടായിരുന്നു. എഐവൈഎഫ് തിരുവനന്തപുരം സിറ്റി സെക്രട്ടറി ആയിരിക്കെയാണ് സമരമുഖത്ത് ആ യോദ്ധാവ് രക്തസാക്ഷിത്വം വരിച്ചത്. കരുണാകരന്റെ പൊലീസ് സമരത്തിൽ പങ്കെടുത്ത എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും പ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആ പൊലീസ് നരനായാട്ടിൽ കവർന്നെടുത്തത് എഐവൈഎഫിന്റെ കരുത്തനായ നേതാവിനെ തന്നെയായിരുന്നു.

1991-ൽ അധികാരത്തിൽ വന്ന കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്വകാര്യമേഖലയിൽ ആരംഭിക്കാൻ തീരുമാനിച്ച മെഡിക്കൽ കോളേജുകൾക്കെതിരെ അതിശക്തമായ ചെറുത്തു നിൽപ്പാണ് കേരളത്തിലെ ഇടത് യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സംഘടിപ്പിച്ചത്.

1991- ജൂലൈ മാസം ആരംഭം കുറിച്ച വിദ്യാർത്ഥി സമരത്തിൽ ആദ്യമായി മുദ്രാവാക്യമുയർത്തി സമരമുഖത്തേക്കെത്തിയത് എഐഎസ്എഫായിരുന്നു. ഒരു ഘട്ടം പിന്നിട്ടപ്പോൾ എഐവൈഎഫും എഐഎസ്എഫിനു പിന്തുണയേകി സമരത്തിൽ അണിചേർന്നു.

വിദ്യാർത്ഥി സമരം കോളേജുകളിൽ നിന്നും തെരുവോരങ്ങളിലേക്ക് പടർന്നുപിടിച്ചു. സമരത്തെ അടിച്ചമർത്തുന്നതിനായി പൊലീസ്‌ കടുത്ത മർദ്ധന മുറകൾ പുറത്തെടുത്തു.തലസ്ഥാനം ചോരയിൽ മുങ്ങി. വിദ്യാർത്ഥി സമരത്തിനു നേരെയുള്ള ലാത്തിച്ചാർജുകൾ പൊലീസിന്റെ നരനായാട്ടായി കേരളം മുഴുവൻ വ്യാപിച്ചു.

എന്നാൽ പൊലീസിന്റെ ക്രൂര മർദ്ദനങ്ങളെയെല്ലാം അതിജീവിച്ച് സമരം അനുദിനം ശക്തിപ്പെട്ടു. നൂറുകണക്കിന് വിദ്യാർത്ഥികളും ചെറുപ്പക്കാരും ജയിലറകളിൽ അടയ്ക്കപ്പെട്ടു. ഭീകരമായ പോലീസ് തേർവാഴ്ചയിൽ കാതുകൾക്ക് കേൾവി നഷ്ടപ്പെടുകയും കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത നിരവധി വിദ്യാർത്ഥി പോരാളികളെ കേരളം ഏറ്റുവാങ്ങി. മാരകമായ പരുക്കുകളോടെ ആയിരക്കണക്കിനു വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലായി.

സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥി നേതാക്കൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ബഹുജനങ്ങൾ കൂടി സമരമുന്നണിയിലേക്കു പ്രവേശിച്ചു. നിരാഹാര സമരപന്തലിനുള്ളിൽ നിരവധി തവണ പൊലീസ് അതിക്രമിച്ചു കയറി. പാർട്ടി ഓഫീസുകൾക്കു നേരെ അതിക്രമവും ജനനേതാക്കൾക്കുനേരെ കയ്യേറ്റവും വ്യാപകമായി.

ശക്തിപ്പെട്ടുവരുന്ന വിദ്യാർത്ഥി യുവജനസമരത്തെ അടിച്ചമർത്താൻ 1991 ഡിസംബർ 8ന് സർക്കാർ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവിരുദ്ധ നടപടികൾക്കെതിരെ കേരളം രോഷം കൊണ്ടു. സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഡിസംബർ 9ന് കേരള ബന്ദ് പ്രഖ്യാപിച്ചു. സമരക്കാർക്ക് നേരെ നാടെങ്ങും പൊലീസ് അഴിഞ്ഞാടി. അനന്തപുരിയിലെ തീപാറുന്ന പോരാട്ടങ്ങളുടെ പതാകവാഹകൻ സഖാവ് ജയപ്രകാശായിരുന്നു. ബന്ദ് ദിനത്തിൽ നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരത്ത് കുടപ്പനക്കുന്നിൽ പ്രകടനം നടത്തിയ എഐവൈഎഫ് – എഐഎസ്എഫ് സംഘത്തിനു നേരെ കരുണാകരന്റെ പൊലീസ് നിറയൊഴിച്ചു. സമരത്തിന്റെ മുന്നണിയിൽ നിന്ന സഖാവ് ജയ പ്രകാശിന്റെ ശിരസ്സിലും നെഞ്ചിലും വെടിയേറ്റു. എഐഎസ്എഫിന്റെ സമര പതാക ഉയർത്തിപ്പിടിച്ച് ഇങ്ക്വിലാബ് വിളിച്ചു ജയപ്രകാശ് കുഴഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഖാക്കൾ ഉടനടി എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഖാവിന്റെ മൃതദേഹം പോസ്റ്റോമോർട്ടത്തിനായി എടുക്കുമ്പോൾ, ഒരു തലമുറയുടെ പോരാട്ടം കൊണ്ട് മുക്കാലും ചുവപ്പു പടർന്ന എഐഎസ്എഫ് സമര പതാക രക്തംപുരണ്ട് സഖാവ് ജയപ്രകാശിന്റെ മാറത്തുനിന്ന് നീക്കം ചെയ്തപ്പോൾ, ആശുപത്രിയെ പ്രകമ്പനം കൊള്ളിക്കുമാറുച്ചത്തിൽ, പ്രിയ സഖാക്കൾ മുദ്രാവാക്യം മുഴക്കി.

അവകാശ പോരാട്ടങ്ങൾക്ക് വേണ്ടി പട പൊറുതാൻ തെരുവിൽ ഇറങ്ങുന്ന ഓരോ കമ്മ്യുണിസ്റ്റ് പ്രവർത്തകർക്കും ആവേശമാണ്, അണയാത്ത വിപ്ലവ തീയാണ് സഖാവ് ജയപ്രകാശ്.

അണയാത്ത വിപ്ലവ നക്ഷത്രം, ജയപ്രകാശിന്റെ ഓർമ്മയിൽ എഐവൈഎഫ്

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares