ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ സഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ലെഫ്. ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ രൂപീകരണത്തിനു മുൻപ് നിയമസഭയിലേക്ക് ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ മുഖേന അഞ്ച് അംഗങ്ങളെ നിർദേശിക്കാനുള്ള ബിജെപി നീക്കത്തിനെതിരെയാണ് പ്രതിഷേധം. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. നടപടി ‘ജനാധിപത്യ വിരുദ്ധമാണെന്ന്’ കോൺഗ്രസ് ആരോപിച്ചു.
ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 , ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) നിയമം 2023 എന്നിവ പ്രകാരമാണ് ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ നാമനിർദേശം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട 90 എംഎൽഎമാർക്കു പുറമെയായിരിക്കും ഈ അംഗങ്ങൾ. ഇതോടെ നിയമസഭയിലെ അംഗബലം 95 ആയി ഉയരും. ഭൂരിപക്ഷം 48 ആയിരിക്കും.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ അംഗങ്ങളെ നാമനിർദേശം ചെയ്തതാണ് വിമർശനങ്ങൾക്കു വഴിവെച്ചത്. നാളെയാണ് ജമ്മു കാശ്മീർ വോട്ടെണ്ണൽ.